ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി രാംദാസ് അത്തേവാലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,893 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരികരിച്ചത്. രോഗമുക്തരായത് 58,439 പേരാണ്. രോഗമുക്തരായവരില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്. മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ 7,000 ത്തിലേറെപ്പേര്‍ രോഗമുക്തരായി.

രാജ്യത്ത് സ്ഥിരീകരിച്ച പുതിയ കേസുകളില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം മഹാരാഷ്ട്രയെ മറികടന്നു. രണ്ടിടത്തും ഇപ്പോള്‍ അയ്യായിരത്തിലധികം പുതിയ രോഗബാധിതരുണ്ട്. ഡല്‍ഹി, പശ്ചിമ ബംഗാള്‍, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 508 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 79 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 115 മരണം രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,66,786 ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ ആകെ പരിശോധനകളുടെ എണ്ണം 10.5 കോടി കവിഞ്ഞു (10,54,87,680).
രാജ്യത്തെ മരണനിരക്ക് നിലവില്‍ 1.5% ആണ്. ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 7.64% മാത്രമാണ് (6,10,803). ആകെ രോഗമുക്തര്‍ 72,59,509.