THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കേരളം പോരാട്ടച്ചൂടില്‍: ആത്മവിശ്വാസത്തോടെ വിവിധ മുന്നണികള്‍

കേരളം പോരാട്ടച്ചൂടില്‍: ആത്മവിശ്വാസത്തോടെ വിവിധ മുന്നണികള്‍

പൊളിറ്റിക്കൽ ഡെസ്ക്

തിരുവനന്തപുരം: അങ്കത്തട്ടില്‍ പോരാളികള്‍ ചുവടുറപ്പിച്ചതോടെ കേരളം പൂര്‍ണമായും പോരാട്ടച്ചൂടില്‍. പത്രികാസമര്‍പ്പണം ഇന്നലെ അവസാനിച്ചപ്പോള്‍ കുറ്റ്യാടി അടക്കമുള്ള വിഷയങ്ങള്‍ പരിഹരിച്ച എല്‍.ഡി.എഫ് ആത്മവിശ്വാസത്തോടെ മുന്നോട്ട്. യു.ഡി.എഫും എന്‍.ഡി.എയും വിമത ഭീഷണിക്കുരുക്കില്‍. പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും അടക്കമുള്ള നേതാക്കള്‍ പ്രചരണരംഗത്ത് സജീവമായിക്കഴിഞ്ഞു. 

പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം തിങ്കളാഴ്ചയാണ്. അന്നേ വിമത, അപര ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. ഇരിക്കൂറിലെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസിലുയര്‍ന്ന വിമതകലാപം ശമിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു നേരിട്ടിറങ്ങിയത്. എ ഗ്രൂപ്പാണ് കലാപവുമായി രംഗത്തെന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലില്‍ നേതൃത്വം സമാധാനം പ്രതീക്ഷിക്കുന്നു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ ഹരിപ്പാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണു രംഗത്തുള്ളത്. യു.ഡി.എഫില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള മത്സരിക്കുന്ന എലത്തൂരില്‍ കോണ്‍ഗ്രസ് നേതാവും ഏറ്റുമാനൂരില്‍ ജോസഫ് പക്ഷ സ്ഥാനാര്‍ഥിക്കെതിരേ ലതിക സുഭാഷും മത്സരരംഗത്തുണ്ട്. എന്‍.ഡി.എക്കും വിമത സ്ഥാനാര്‍ഥികളുണ്ട്. കേരള കോണ്‍ഗ്രസ് (എം)നു വിട്ടുകൊടുത്ത കുറ്റ്യാടിയില്‍ കൂറ്റന്‍ പ്രതിഷേധം ആളിക്കത്തിയതോടെ സി.പി.എം  സീറ്റ് തിരിച്ചെടുത്തു തലയൂരി. 

പ്രചാരണ അങ്കത്തട്ടില്‍ ഇപ്പോള്‍ ശബരിമലയാണ് മുഖ്യ അജന്‍ഡ. എന്‍.ഡി.എയും പ്രതിപക്ഷവും ശബരിമല ഊതിക്കത്തിക്കുമ്പോള്‍ ഇടതുമുന്നണി പ്രതിരോധിക്കാന്‍ പണിപ്പെടുകയാണ്. ശബരിമലയില്‍ വിവാദത്തീ കൊളുത്തിവിട്ടത് മന്ത്രി കടകംപള്ളിയുടെ ഖേദപ്രകടനമാണ്. സീതാറാം യെച്ചൂരിയുടെ നിലപാട് പ്രഖ്യാപനം വിഷയം മുഖ്യധാരയിലെത്തിച്ചു. ബി.ജെ.പിയും മുഖ്യ ആയുധമായി ശബരിമല എടുത്തു. സര്‍ക്കാരിനെതിരേ എന്‍.എസ്.എസും രംഗത്തുവന്നതോടെ വിവാദം ആളിക്കത്തി. 

ഇതിനു പുറമേയാണ് വോട്ടര്‍ പട്ടികാ ക്രമക്കേടും വോട്ട് മറിക്കല്‍ ആരോപണവും മുന്നണി ബാന്ധവം സംബന്ധിച്ച ആരോപണങ്ങളും. ബി.ജെ.പി ബാന്ധവം യു.ഡി.എഫും എല്‍.ഡി.എഫും പരസ്പരം ആരോപിച്ചു. ന്യൂനപക്ഷ വോട്ടുബാങ്കാണ് ലക്ഷ്യമെന്ന ആക്ഷേപങ്ങളും സജീവമായി. പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ട പി.ജെ. ജോസഫിന് പി.സി.തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചിട്ടും അനിശ്ചിതത്വം ബാക്കിയാണ്. ഒറ്റ ചിഹ്നം അനുവദിക്കുമോ എന്നുറപ്പാകാത്തതാണു കാരണം.  

വിവിധ മുന്നണികള്‍  മത്സരിക്കുന്ന സീറ്റുകള്‍:

എല്‍.ഡി.എഫ്
————-
സി.പി.എം – 86
സി.പി.ഐ- 25
കേരളാ കോണ്‍ഗ്രസ്-എം – 12
ജെ.ഡി.എസ്- 4
എല്‍.ജെ.ഡി- 3
ഐ.എന്‍.എല്‍-3
എന്‍.സി.പി- 3
കേരളാ കോണ്‍ഗ്രസ്-ബി- 1
കോണ്‍ഗ്രസ്-എസ്- 1
ജനാധിപത്യ കേരളാ കോണ്‍ഗ്രസ്-1
ആര്‍.എസ്.പി ലെനിനിസ്റ്റ്- 1

യു.ഡി.എഫ്:
————
കോണ്‍ഗ്രസ്- 93
മുസ്ലിംലീഗ്- 27
കേരളാ കോണ്‍ഗ്രസ് ജോസഫ്- 10
ആര്‍.എസ്.പി- 5
എന്‍.സി.കെ- 2
കേരള കോണ്‍ഗ്രസ്- ജേക്കബ്- 1
സി.എം.പി- 1 ആര്‍.എം.പി- 1 (പിന്തുണ)

എന്‍.ഡി.എ:
———–
ബി.ജെ.പി- 115
ബി.ഡി.ജെ.എസ്- 25

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments