തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കണ്ണൂര്‍, വയനാട് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മുഴുവന്‍ നിരോധനാജ്ഞ നിലവില്‍ വന്നു.

കണ്ടയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കും. കടകള്‍, ബേങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്കും തടസമില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും, വിവാഹ ചടങ്ങില്‍ 50 പേര്‍ക്കും പങ്കെടുക്കാം. സര്‍ക്കാര്‍, മത രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ പരമാവധി 20 പേര്‍ മാത്രം.

ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ നടപടിയുണ്ടാകും. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം 9000 കടന്നിട്ടുണ്ട്. നാല് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് പ്രതിദിന കേസുകള്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും അതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കാനും തീരുമാനിച്ചിരുന്നു.