മുംബൈ: കൈയില്‍ ഒരു രൂപ പോലും ഇല്ലായെന്നും ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നതെന്നും റിലയന്‍സ് മേധാവി അനില്‍ അംബാനി. 2020 ജനുവരി ജൂണ്‍ മാസങ്ങളില്‍ താന്‍ കൈയ്യിലുള്ള ആഭരണങ്ങള്‍ വിറ്റെന്നും ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ തുകയല്ല, ഇത് നിയമ നടപടികള്‍ക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചതാണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു. മകനോടു വരെ പണം കടം വാങ്ങേണ്ട അവസ്ഥയാണെന്നും അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു. കോടതിച്ചെലവിന് ആവശ്യമായ പണം കണ്ടെത്താന്‍ ഭാര്യയുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നെന്നും അനില്‍ പറഞ്ഞു.

ആഡംബരക്കാറുകളുടെ ശ്രേണിയെക്കുറിച്ചുള്ള ചോദ്യത്തിന്, താന്‍ ഒരിക്കലും റോള്‍സ് റോയ്‌സ് സ്വന്തമാക്കിയിരുന്നില്ലെന്നും ഇപ്പോള്‍ ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും അറിയിച്ചു. അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് 2020 മേയ് 20ന് യുകെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൈനീസ് ബാങ്കുകള്‍ക്കു കോടതിച്ചെലവായി ഏഴ് കോടി നല്‍കാനും കോടതി നിര്‍ദേശിച്ചു. ഈ പണം ഇതുവരെ നല്‍കിയിട്ടില്ല.

ഇതേത്തുടര്‍ന്നാണ് അനിലിന്റെ ആസ്തി വെളിപ്പെടുത്തണമെന്ന് ചൈനീസ് ബാങ്കുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വെള്ളിയാഴ്ച വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അനില്‍ അംബാനി ഹാജരായി വിവരങ്ങള്‍ അറിയിച്ചത്. അമ്മയ്ക്ക് 500 കോടിയും മകന്‍ അന്‍മോലിന് 310 കോടിയും നല്‍കാനുണ്ടെന്ന് അനില്‍ പറഞ്ഞു.
ഭാര്യക്ക് ആഡംബര ബോട്ട് സമ്മാനിച്ചതിനെക്കുറിച്ചും അഭിഭാഷകര്‍ ചോദിച്ചു. അത് കോര്‍പ്പറേറ്റ് കമ്പനിയുടേതാണെന്നും താന്‍ ഒരിക്കലും ഉപയോഗിക്കാറില്ലെന്നും മറുപടി നല്‍കി. ലണ്ടന്‍, കലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അമ്മയുടേതാണെന്നും അനില്‍ വ്യക്തമാക്കി. അനിലിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്‌മെന്റ് ബാങ്ക് എന്നിവര്‍ വിചാരണയ്ക്കുശേഷം അറിയിച്ചു.