കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ (39), ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ തോപ്പുംപടി പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഇരുവരെയും നാവിക സേനയുടെ തന്നെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐ എന്‍ എസ് ഗരുഡയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടം.

അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ബോര്‍ഡിനെ നിയോഗിച്ചു. പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡര്‍ തകര്‍ന്നുവീണത്.
