കൊച്ചി :ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള ചുവടുവെപ്പിനാണ് കൊച്ചിയിലെ വികസന പ്രവര്‍ത്തനങ്ങളിലൂടെ വഴി തുറന്നതെന്ന് കൊച്ചിന്‍ റിഫൈനറിയിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പ്രസംഗിച്ചു. വികസനം ആഘോഷിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും പെട്രോകെമിക്കല്‍ കോപ്ലക്സ് ഉദ്ഘാടനം ചെയ്യുന്നതിലൂടെ വിദേശ നാണ്യം മിച്ചം വെക്കാന്‍ സഹായിക്കുന്നതിനൊപ്പം ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും നരേന്ദ്രമോഡി പറഞ്ഞു.

യുവാക്കളും പുതുസംരംഭകരും വിനോദ സഞ്ചാരമേഖലക്ക് പ്രധാന്യം നല്‍കികൊണ്ട് പ്രവര്‍ത്തിക്കണമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തിന് വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നും നരേന്ദ്രമോഡി പറഞ്ഞു. 6100 കോടി രൂപയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മോഡി. ചെന്നൈയില്‍ നിന്നും നാവിക സേന വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി ജി സുധാകരനാണ് സ്വീകരിച്ചത്.

മോദിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍
‘നമ്മള്‍ ഇന്ന് ഇവിടെ ഒരുമിച്ച് വന്നിരിക്കുന്നത് വികസനം ആഘോഷിക്കാനാണ്. ഇന്നിവിടെ നില്‍ക്കുന്നതില്‍ സന്തോഷമുണ്ട്. രണ്ട് വര്‍ഷം മുമ്പ് കൊച്ചി റിഫൈനറി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ആധുനികമായ റിഫൈനറികളില്‍ ഒന്നാണ് കൊച്ചിന്‍ റിഫൈനറി. അതേ കൊച്ചിയില്‍ പുതിയ സംരംഭം കൂടി ഇപ്പോള്‍ വന്നിരിക്കുന്നു. ഇവിടെ പെട്രോകെമിക്കല്‍ കോപ്ലകിസിന്റെ ഉദ്ഘാടനം നടക്കുകയാണ്. ആത്മനിര്‍ഭരതയിലേക്കുള്ള ചുവടുവെപ്പാണിത്. വിദേശ നാണ്യം മിച്ചംവെക്കാന്‍ സഹായിക്കും. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പ്രമുഖമായ വ്യാപാര വാണിജ്യ വിനിമയ കേന്ദ്രമാണ് കൊച്ചി. പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് പ്രധാന്യം നല്‍കുന്നവരാണ് ഇവിടുത്തേത്. അതിനാലാണ് റോ-റോ കണ്ടെയിനര്‍ സര്‍വ്വീസ് പ്രധാന്യം അര്‍ഹിക്കുന്നത്. കരയിലൂടെ മുപ്പത് മീറ്റര്‍ യാത്രയചെയ്യേണ്ടതിന് പകരം മൂന്നര കിലോമീറ്റര്‍ യാത്ര ചെയ്ത് നമുക്ക് എത്തേണ്ട സ്ഥലത്ത് എത്താന്‍ സാധിക്കും,. അതായത്. സൗകര്യം വര്‍ധിക്കുന്നു, വ്യാപാരം കൂടുന്നു. പ്രവര്‍ത്തന ക്ഷമ കൂടുന്നു, മലിനീകരണവും യാത്രാ ചിലവും കുറയുന്നു.
നമ്മുടെ രാജ്യത്ത് പ്രാദേശികമായിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെകുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊവിഡ് കാരണം വിദേശത്തേക്ക് പോകാന്‍ കഴിയാത്തതിനാല്‍ പലരും നമ്മുടെ നാട്ടില്‍ തന്നെയുള്ള അടുത്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുകയാണ്. ഇത് വലിയ അവസരമായി കാണണം. ഇത് പ്രാദേശിക തലത്തില്‍ തൊഴില്‍ വര്‍ധിക്കാനും യുവാക്കളും സംസ്‌കാരവും തമ്മിലുള്ള ബന്ധം സുകൃതമാക്കാനും സാധിക്കും.
ചുറ്റും നിരവധി കാര്യങ്ങള്‍ അറിയാനും കാണാനും ഉണ്ട് വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങള്‍ വിഭാവനം ചെയ്യൂ. പ്രദേശങ്ങള്‍ സന്ദര്‍ശിക്കു, വികസന സാധ്യതകള്‍ കണ്ടെത്തു. കഴിഞ്ഞ 5 വര്‍ഷമായി വിനോദ സഞ്ചാരമേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാജ്യം 60 ല്‍ നിന്നും 30 ലേക്ക് കുതിച്ചു. ഇനിയും ഏറെ പുരോഗതി നേടാന്‍ കഴിയുന്ന മേഖലയാണിത്.
സാമ്പത്തിക വികസനത്തെ ശക്തിപ്പെടുത്തുന്ന രണ്ട് പ്രധാനഘടകങ്ങള്‍ ഇന്നിവിടെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ ആധുനീകരണം. ഇന്നിവിടെ ഉദ്ഘാടനം ചെയ്തിട്ടുള്ള രണ്ട് പദ്ധതികള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
കേരളത്തിനേറെ ഗുണം ചെയ്യുന്ന പണവും പദ്ധതികളും വകയിരുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം അതിന്റെ ഭാഗമാണ്. മനുഷ്യരാശിയില്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. എന്നാല്‍ കൊവിഡ് മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ത്യാ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
പ്രവാസി സഹോദരന്മാര്‍ നമ്മുടെ അഭിമാനമാണ്. അവരെ തിരിച്ചുകൊണ്ട് വരാന്‍ ആവിഷ്‌കരിച്ച വന്ദേഭാരത് മിഷന്റെ ഭാഗമായി 50 ലക്ഷം പേരെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. അതില്‍ വലിയ വിഭാഗം മലയാളികാണെന്നറിയാം.
കഴിഞ്ഞ ഏതാനും വര്‍ഷമായി ഗള്‍ഫ് രാജ്യങ്ങളിലെ തടവറകളില്‍ കഴിയുന്ന ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ അവിടുത്തെ ഭരണാധികാരികള്‍ തയ്യാറായി എന്നതും സൂചിപ്പിക്കുന്നു. ഇന്ത്യക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.’
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി
കൂടുതൽ ജനപിന്തുണ ആർജിക്കാനാവശ്യമായ നടപടികൾ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കണം. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

അമ്പലമുകളിലെ പൊതുപരിപാടികൾക്കു ശേഷം വൈകിട്ടു നാലരയോടെയാണ് മോദി പാർട്ടി യോഗത്തിനെത്തിയത്. പൊതുപരിപാടിയുടെ വേദിയോടു ചേർന്നു പ്രത്യേകം സജ്ജമാക്കിയ സമ്മേളന ഹാളിലായിരുന്നു യോഗം. കേരളത്തിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനാണ് കമ്മിറ്റി ചേർന്നത്. ദക്ഷിണേന്ത്യയിൽ കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലും മറ്റും നിർണായക വോട്ടുപങ്കാളിത്തം നേടിയതു നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിലേക്കു മാറ്റാനുള്ള തീവ്രശ്രമത്തിലാണു ബിജെപി. അതിന് ഊർജം നൽകാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിനു സാധിക്കുമെന്നാണു പാർട്ടി കരുതുന്നത്. കേരളത്തിലെ സംഘടനാച്ചുമതലയുള്ള സി.പി.രാധാകൃഷ്ണൻ കേരളത്തിലെ തിരഞ്ഞെടുപ്പുകാര്യ ചുമതലക്കാരൻ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സഹ ചുമതലക്കാരനും കർണാടക ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വഥ്നാരായൺ, സംഘടനാ സഹ പ്രഭാരിയും കർണാടക എംഎൽഎയുമായ വി.സുനിൽകുമാർ എന്നിവരും യോഗത്തിനെത്തി.

സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, കേന്ദ്രമന്ത്രി വി.മുരളീധരനും ഒ.രാജഗോപാൽ എംഎൽഎയും കുമ്മനം രാജശേഖരനുമടക്കമുള്ള മുൻ സംസ്ഥാന അധ്യക്ഷന്മാർ തുടങ്ങിയവരും കോർ കമ്മിറ്റി അംഗങ്ങളാണ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു തയാറെടുപ്പിന് ഊർജമേകുമെന്ന പ്രതീക്ഷയിലാണു ബിജെപി.