സലിം പി ചാക്കോ

പത്തനംതിട്ട :കാൻസർ രോഗികൾക്ക് ഇനി തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടതില്ല. പ്രവർത്തനം നിലച്ചിരുന്ന ജില്ലാ കാൻസർ സെൻ്ററിന് ജീവൻ വച്ചു. ഇങ്ങനെയാവണം കളക്ടർ.

കാൻസർ ബാധിതരുടെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി ജില്ലാ കളക്ടർ നരസിംഹുഗാരി ടി.എൽ. റെഡ്ഡിയുടെ ഇടപെടൽ. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി വളപ്പിലുണ്ടായിരുന്ന കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കളക്ടറുടെ
ഇടപെടലിൽ പുതുജീവൻ കൈവന്നത്.
കാന്‍സര്‍ സെന്ററിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 24 മുറികള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ജില്ലാ കാന്‍സര്‍ സെന്റര്‍ (ഡിസിസി) നടത്തിയിരുന്ന മാമ്മോഗ്രാം, അള്‍ട്രാസൗണ്ട് സ്കാനിംഗ് തുടങ്ങിയ പരിശോധനകള്‍ മരവിപ്പിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ സ്വകാര്യ ആശുപത്രികളില്‍ സേവനം ചെയ്തിരുന്ന റേഡിയോളജിസ്റ്റുകളുടെ സേവനമായിരുന്നു ജില്ലാ കാന്‍സര്‍ സെന്റര്‍ ഉപയോഗിച്ചിരുന്നത്. കോവിഡ്ആരംഭിച്ചതിനെതുടര്ന്ന് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ സേവനം ലഭ്യമല്ലാതിരിക്കുകയും തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇല്ലാതായതിനെതുടര്ന്ന് മലയോര ജില്ലയായ പത്തനംതിട്ടയുടെ കിഴക്കന്‍ പ്രദേശത്തുനിന്നും കാന്‍സര്‍ ചികിത്സ തേടി തിരുവനന്തപുരത്തും കോഴഞ്ചേരിയിലെ ഡിസിസിയിലും എത്തിയിരുന്ന രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്.
ഇതോടെ കാന്‍സര്‍ സെന്റര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാനില്ലാത്ത അവസ്ഥയുണ്ടായി. ജില്ലാ ആശുപത്രിയെ കോവിഡ് ചികിത്സാലായമായി മാറ്റിയതിനെതുടര്‍ന്ന് മറ്റൊരു ചികിത്സാ സംവിധാനങ്ങളും നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നില്ല. ജില്ലാ ആശുപത്രിയിലെ ഓങ്കോളജിസ്റ്റിന്റെ ഒപിയും കീമോ തെറാപ്പി യൂണിറ്റും മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. 50 ല്‍ താഴെ കാന്‍സര്‍ രോഗികളാണ് ഇവിടെ വന്നിരുന്നത്. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള ഒരു രോഗികളും ജില്ല ആശുപത്രിയിലേക്ക് പ്രവേശിച്ചിരുന്നില്ല.
ഡോ.നരസിംഹുഗാരി ടി.എൽ. റെഡ്ഡി കളക്ടറായി ചുമതലയേറ്റതിനേ തുടർന്ന് കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം പഠിക്കുകയും ആഴ്ചയില്‍ ഒരു ദിവസം ജില്ലയിലെ സർക്കാർ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് നേരിട്ട് വന്ന് മാമ്മോഗ്രാം -അള്‍ട്രാസൗണ്ട് സ്കാനിംഗ് എന്നിവ നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
2017-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് 1.45 കോടി രൂപ ചിലവഴിച്ച് കളര്‍ മാമ്മോഗ്രാം – അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീനുകള്‍ സ്ഥാപിച്ചത്. ഇതിലൂടെയുള്ള പരിശോധനകള്‍ ഏറെ പ്രശസ്തിയും നേടിയിരുന്നു. കാന്‍സര്‍ സെന്റര്‍ നടത്തിയിരുന്ന ലാബിലെയും പേവാര്ഡിലെയും വരുമാനമാണ് സെന്റര്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിരുന്നത്.