കൊല്ലം: കൊല്ലം ജില്ലയിൽ സി പി എം സാധ്യത പട്ടിക തയാറായി. എം എൽ എമാരായ മുകേഷ്, എം നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്ക് ഒരു തവണകൂടി അവസരം നൽകണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്.കൊല്ലം ജില്ലയിലെ അഞ്ച് സീറ്റുകളിലാണ് സി പി എം മത്സരിക്കുന്നത്. ഈ സീറ്റുകളിലെ സ്ഥാനാർഥികളുടെ പട്ടികയ്ക്കാണ് ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനമായത്.

എം എൽ എമാരായ മുകേഷ് കൊല്ലത്ത് നിന്നും ഇരവിപുരത്ത് നിന്ന് എം നൗഷാദും വീണ്ടും ജനവിധി തേടും. ചവറയിൽ മുൻ എം എൽ എ എൻ വിജയൻപിള്ളിയുടെ മകൻ ഡോ. സുജിത് വിജയനെ സ്ഥാനാർഥിയാക്കാനും ധാരണയായി. അതേസമയം ഏത് ചിഹ്നം നൽകണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. അത് സംസ്ഥാന കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. അല്ലാത്തപക്ഷം ഇടത് സ്വതന്ത്രനായി ഡോ. സുജിത് വിജയൻ മത്സരിക്കാനാണ് സാധ്യത.

കൊട്ടാരക്കരയിൽ മൂന്ന് തവണ മത്സരിച്ച ഐഷപോറ്റി ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം കെ എം ബാലഗോപാലിന്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ പരിഗണനയിലുള്ളത്. അതേസമയം കെ എൻ ബാലഗോപാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക സംസ്ഥാന നേതൃത്വമായിരിക്കും. അതേസമയം ബാലഗോപാലിനൊപ്പം ഐഷ പോറ്റിയുടെ പേരും പട്ടികയിലുണ്ട്
കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ തന്നെയായിരിക്കും ഇത്തവണയും ജനവിധി തേടുക.