ന്യൂഡല്‍ഹി: ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളില്‍ കൊവിഡിന് ശേഷം ഏറ്റവും തകര്‍ച്ച നേരിടുക ഇന്ത്യക്കായിരിക്കുമെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയുടെയും തെക്കുകിഴക്കന്‍ ഏഷ്യയുടെയും സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കൊവിഡിന് മുമ്പ് 6.5 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായിരുന്ന ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തും. കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബേങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍, ബേങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴില്‍ വിപണിയിലെ ബലഹീനത എന്നിവ കൂടുതല്‍ വഷളാകും. തല്‍ഫലമായുണ്ടാകുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ആഗോളതലത്തില്‍ ഏറ്റവും മോശമായവയായിരിക്കും. ഇത് ഇന്ത്യയുടെ വളര്‍ച്ചാ പ്രവണതയെ കൊവിഡിന് മുമ്പുള്ള നിലവാരത്തില്‍ നിന്ന് ഗണ്യമായി കുറക്കുമെന്ന് പഠനം പറയുന്നു.
