തിരുവനന്തപുരം: കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് മറ്റൊരാളുടെ മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. കൊവിഡ് ചികിത്സയിക്കിടെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം ആശുപത്രി അധികൃതര്‍ നല്‍കിയത് അജ്ഞാതന്റെ മൃതദേഹമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നല്‍കിയ കാര്യം വ്യക്തമായത്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആര്‍എംഒ ആണ് അന്വേഷണം നടത്തുന്നത്. മൃതദേഹം കൈമാറുന്നതില്‍ മോര്‍ച്ചറി ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയോ എന്നാണ് അന്വേഷിക്കുക. അതേസമയം, മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ദേവരാജന്റെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, നേരത്തെ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വിവാദത്തില്‍പ്പെട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. കെജിഎംസിടിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ എട്ട് മുതല്‍ പത്ത് മണിവരെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സമരം.