കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതിനു പിന്നാലെ യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും ഇതോടെ ദുബൈയിലേക്കുള്ള നൂറോളം പേരുടെ യാത്ര മുടങ്ങി. സ്വകാര്യ ലാബിന്റെ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വിമാനക്കമ്പികള്‍ അംഗീകരിക്കാത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഞായറാഴ്ച അര്‍ധ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. ഇതോടെ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി. മൈക്രോലാബിന്റെ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതുമൂലം നൂറോളം പേര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാനായില്ല. യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

മൈക്രോ ഹെല്‍ത്ത് ലാബിന്റെ വിലക്ക് മൂലം മംഗളൂരു വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശികളായ അമ്പതിലേറെപ്പേരെ മടക്കി അയച്ചതായി പരാതിയുണ്ട്. ഇതു കാരണം ഉളിയത്തടുക്കയിലെ സ്വകാര്യ ലാബിന് മുന്നിലും യാത്രക്കാര്‍ പ്രതിഷേധിച്ചതായി വിവരമുണ്ട്. നേരത്തെ മൈക്രോലാബ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്തയാള്‍ക്ക് ദുബൈയിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവില്‍ വന്നത്.
യാത്രക്കാരെ വിലക്കിനെ കുറിച്ച് അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. മൈക്രോ ഹെല്‍ത്ത് ലാബ് സര്‍ട്ടിഫിക്കറ്റ് ദുബൈ വിലക്കിയത് യാത്രക്കാരെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. എന്നാല്‍ ടിക്കറ്റെടുക്കുമ്പോള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞില്ലെന്നാണ് യാത്രക്കാരുടെ പരാതി.