കൊച്ചി: നിങ്ങള്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ..? എങ്കില്‍ സൂക്ഷിക്കുക…ഓണ്‍ലൈന്‍ പര്‍ച്ചേസ് ഈ കാലത്ത് ഒരു പുത്തരിയല്ല എന്നാല്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെ. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കൊറോണയെന്നോ, ലോക്ഡൗണ്‍ ആണെന്നോ ഇല്ല. ഓരോ ദിവസവും പുതിയ തട്ടിപ്പ് രീതികളാണ് പുറത്തുവരുന്നത്. മിക്ക തട്ടിപ്പുകളും യുവതികളുടെ ഫെയ്‌സ്ബുക്, വാട്‌സാപ് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് മലയാളികള്‍ തന്നെയാണ്. എന്നാല്‍ മിക്കവരും തട്ടിപ്പിനിരയായ വിവരം പുറത്തുപറയുന്നില്ല എന്ന് മാത്രം.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ മറ്റൊരു തട്ടിപ്പ് കൂടി നടന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയത്. പിറവം സ്വദേശിയില്‍ നിന്നാണ് വിദേശത്തു നിന്ന് സാധനം എത്തിച്ചതിന് നികുതിയടക്കണമെന്ന പേരില്‍ പണം തട്ടിയെടുത്തത്. വ്യാജ ഫെയ്‌സ്ബുക് പേജും വെബ്‌സൈറ്റും നിര്‍മിച്ചായിരുന്നു പണം തട്ടിപ്പ്. എന്നാല്‍ സമാനമായ തട്ടിപ്പുകള്‍ നേരത്തെയും നടന്നിട്ടുണ്ട്.

കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് പിറവത്തുകാരന്‍ ബിനോയ് ജോണ്‍ ഫെയ്‌സ് ബുക്കിലെ മാര്‍ഗ്രറ്റ് ആഡംസ് എന്ന പേജില്‍ ഐഫോണ്‍ ഓഫര്‍ പരസ്യം കണ്ടത്. യുകെയില്‍ നിന്ന് ഐഫോണടക്കം വിലകൂടിയ ഉല്‍പനങ്ങള്‍ 50 ശതമാനം കിഴിവില്‍ ലഭിക്കുന്നു. ഫെയ്‌സ്ബുക് പേജില്‍ ഐഡിസിഎസ് എന്ന ലിങ്കുംചെര്‍ത്തിരുന്നു. ബിനോയ് ജോണ്‍ ഈ ലിങ്കില്‍ കയറി 45,000 രൂപയ്ക്ക് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു.
അടുത്ത ദിവസം ബിനോയ് ജോണിന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ വിളി വന്നു. കസ്റ്റംസ് ഓഫിസറാണെന്ന് പറഞ്ഞായിരുന്നു മറുതലയിലുള്ള യുവതി വിളിച്ചത്. 21,000 രൂപ നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയും ചെയ്തു. തൊട്ടടുത്ത ദിവസം വീണ്ടും വിളിച്ചപ്പോള്‍ പറഞ്ഞത് ഈ ഉല്‍പ്പന്നത്തിന്റെ വില കൂടുതലാണെന്നും ഇതിനാല്‍ 45,000 രൂപ കൂടി അടയ്ക്കണമെന്നുമാണ്. സംശയം തോന്നി കസ്റ്റംസ് ഓഫിസറെ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. വിലകൂടിയ സമ്മാനങ്ങളുടെ പേരിലും മറ്റു ഓഫര്‍ വില്‍പ്പനകളുടെ പേരിലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണ്.
ഫെയ്‌സ്ബുക് വഴി പരിചയം നടിച്ചെത്തുന്ന യുവതികളാണ് ഇത്തരം തട്ടിപ്പുകളുടെ പിന്നിലെന്നാണ് അറിയുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ സമ്മാനം അയക്കുന്നതെന്ന് പറയുന്നുണ്ടെന്നും തട്ടിപ്പെല്ലാം നടക്കുന്നത് മുംബൈ, ഡല്‍ഹി കേന്ദ്രീകരിച്ചാണ്. എന്നാല്‍ തട്ടിപ്പിനിരയാകുന്നവരില്‍ കൂടുതല്‍ മലയാളികള്‍ എന്നതാണ് വാസ്തവം.