കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിന് എതിരെയാണ് ആരോപണത്തിന്റെ മുന തിരിഞ്ഞിരിക്കുന്നത്. കെബി ഗണേഷ് കുമാറിന് എതിരെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്ത് എത്തി. ചില സിസിടിവി ദൃശ്യങ്ങളും ചാമക്കാല ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായുളള വെളിപ്പെടുത്തലില്‍ ആണ് ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെ ജ്യോതികുമാര്‍ ചാമക്കാല രംഗത്ത് വന്നിരിക്കുന്നത്. എംഎല്‍എയും നടനുമായ ഗണേഷ് കുമാറിന്റെ പിഎ ആയ കൊല്ലം സ്വദേശി എം പ്രദീപ് കോട്ടത്തലയുടെ സിസിടിവി ദൃശ്യങ്ങള്‍ ആണ് ചാമക്കാല പുറത്ത് വിട്ടിരിക്കുന്നത്.

കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ കാസര്‍കോഡ് സ്വദേശിയാണ്. ഇയാളുടെ ബന്ധുവിനെ കാണാന്‍ ഗണേഷ് കുമാറിന്റെ പിഎ എത്തി എന്നാണ് ജ്യോതികുമാര്‍ ചാമക്കാല ആരോപിക്കുന്നത്. ഒരു സ്വകാര്യ ജ്വല്ലറിയില്‍ ആണ് പ്രദീപ് എത്തിയത് എന്നും ചാമക്കാല പറയുന്നു. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എക്ക് എതിരെയുളള ചാമക്കാലയുടെ ആരോപണം.
എന്ന് ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു. സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പമാണ് കുറിപ്പ്: ” നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് എന്ന് വ്യക്തം. മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിന്റെ ബന്ധുവിനെ കാണാന്‍ പ്രദീപ് എത്തുന്ന ദൃശ്യങ്ങള്‍ ആണിത്. ദൃശ്യങ്ങളില്‍ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസര്‍കോട്ടെ സ്വകാര്യ ജ്വല്ലറിയില്‍ എത്തിയത്. സ്ത്രീ സുരക്ഷയുടെ വക്താക്കള്‍ മറുപടി പറയണം . എന്താണ് ഗണേഷ് കുമാറെന്ന ഇടത് എംഎല്‍എയുടെ താല്‍പര്യം.”
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് ജയിലില്‍ വെച്ച് ദിലീപിനുളള കത്ത് എഴുതി നല്‍കിയത് വിപിന്‍ ലാല്‍ ആയിരുന്നു. ഈ കത്ത് പുറത്ത് വരികയുണ്ടായി. വിപിന്‍ ലാല്‍ ആദ്യം കേസില്‍ പ്രതിയായിരുന്നുവെങ്കിലും പോലീസ് പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. തന്നെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് വിപിന്‍ ലാല്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
കേസിലെ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റാന്‍ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുന്നു എന്നാണ് വിപിന്‍ ലാല്‍ ആരോപിച്ചത്. പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ആദ്യം ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെടുകയും പിന്നീട് ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു എന്നും കാസര്‍കോട്ട് എത്തി തന്റെ ബന്ധുക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും വിപിന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു.