മുംബൈ: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍വലിച്ചു. ഗാംഗുലിയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെയാണ് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ കുക്കിംഗ് ഓയിലിന്റെ എല്ലാ പരസ്യങ്ങളും അദാനി വില്‍മര്‍ നിര്‍ത്തിവെച്ചത്.

സൗരവ് ഗാംഗുലി ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം അഭിനയിച്ച ഫോര്‍ച്യൂണ്‍ ഓയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു. ഹൃദയത്തെ ആരോഗ്യപരമായി നിലനിര്‍ത്തുന്ന ഒന്നായി ഫോര്‍ച്യൂണ്‍ കൂക്കിംഗ് ഓയില്‍ പരസ്യത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഹൃദയാഘാതം മൂലം അവതാരകന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് ചോദ്യവും ഒപ്പം ഏറെ വിമര്‍ശനവും പരിഹാസവും ഉയര്‍ത്തിയിരുന്നു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ആഞ്ചിയോപ്ലാസ്റ്റി സര്‍ജ്ജറിയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.