ഹൈദരാബാദ്: മലയാളികള്‍ക്ക് റാണ ദഗുബാട്ടിയെ കൂടുതല്‍ അറിയാന്‍ സാധ്യത ബാഹുബലിയിലെ പള്‍വാള്‍ ദേവന്‍ എന്ന നിലയിലാണ്. കുതന്ത്രങ്ങള്‍ മെനഞ്ഞ് ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന വില്ലന്‍ വേഷയത്തിലുള്ള രാജകുടുംബാംഗം. യഥാര്‍ഥ ജീവിതത്തിലെ പല നിമിഷങ്ങളും പലപ്പോഴായി ആരാധകരോട് പങ്കുവച്ചിട്ടുള്ള നടന്‍ കൂടിയാണ് റാണ. അടുത്തിടെയാണ് അദ്ദേഹം വിവാഹിതനായത്. ഒരുവേള ശോഷിച്ച ശരീരവുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഏതോ സിനിമയ്ക്ക് വേണ്ടി രൂപ മാറ്റം വരുത്തിയതാകും എന്നാണ് അന്ന് ചിലര്‍ അഭിപ്രായപ്പെട്ടത്. സത്യം അതല്ല. ആദ്യമായി തന്റെ രോഗത്തെ കുറിച്ച് വിശദീകരിക്കുകയാണ് റാണ ദഗുബാട്ടി.

നടി സാമന്തയുടെ പുതിയ ടാക്ക് ഷോ ആയ സാം ജാമിലാണ് റാണ ദഗുബാട്ടി തന്റെ രോഗത്തെ കുറിച്ച് വിവരിച്ചത്. തനിക്ക് വൃക്ക രോഗമുണ്ടെന്നും വൃക്കകള്‍ തകരാറിലായെന്നും റാണ പറയുന്നു. 70 ശതമാനം വരെ സ്‌ട്രോക്കിന് സാധ്യതയുണ്ടായിരുന്നുവെന്നും റാണ വെളിപ്പെടുത്തി. കഴിഞ്ഞ നാളുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ താരത്തിന്റെ കണ്ണ് നിറഞ്ഞു. ജീവിതം അതിവേഗം കുതിക്കുമ്പോള്‍ പെട്ടെന്നാണ് പോസ് ബട്ടന്‍ അമര്‍ത്തിയത്. രക്തസമ്മര്‍ദ്ദം വര്‍ധിച്ചു. വൃക്കള്‍ തകരാറിലായി എന്ന് പരിശോധനയില്‍ തെളഞ്ഞു. 70 ശതമാനം വരെ സ്‌ട്രോക്കിന് സാധ്യതയുണ്ടായിരുന്നു. 30 ശതമാനം വരെ രോഗ ബാധിതനായി മരിക്കാനുമുള്ള സാധ്യതയുമുണ്ടായിരുന്നുവെന്ന് റാണ പറയുന്നു.

റാണയുടെ കഥ അദ്ദേഹത്തെ മാത്രമല്ല ദുഃഖിതനാക്കിയത്. സാമന്തയുടെയും പ്രേക്ഷകരുടെയും കണ്ണ് നിറഞ്ഞു. സാമന്തയുടെ ഷോയുടെ മുഴുവന്‍ രൂപം നവംബര്‍ 27ന് സംപ്രേഷണം ചെയ്യും. റാണ ദഗുബാട്ടിക്ക് പുറമെ സംവിധായകന്‍ നാഗ് അശ്വിനുമാണ് ഷോയിലുള്ളത്. ആദ്യ ഷോ വിജയ് ദേവരകൊണ്ടയോടൊപ്പമായിരുന്നു. രണ്ടാമത്തെ ഷോയാണ് റിലീസ് ചെയ്യാന്‍ പോകുന്നത്. പലരും പ്രതിസന്ധിയില്‍ തകര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ റാണ ഉറച്ചുനിന്നു. അതാണ് താങ്കര്‍ സൂപ്പര്‍ ഹീറോ ആകുന്നതെന്നും സാമന്ത പറഞ്ഞു. നേരത്തെ റാണയുടെ അസുഖത്തെ കുറിച്ച് ചില സൂചനകള്‍ പുറത്തുവന്നിരുന്നു. ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോയി എന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ പിന്നീട് വിശദീകരണം ലഭിച്ചിരുന്നില്ല.
പ്രഭു സോളമന്റെ കാഡന്‍ എന്ന സിനിമയാണ് റാണയുടേതായി ഇനി പുറത്തുവരാനുള്ളത്. ഏപ്രില്‍ രണ്ടിന് റിലീസ് തീരുമാനിച്ചതായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, തമന്ന, രശ്മിക മഡന്ന, ബാഡ്മിന്റര്‍ താരം സെയ്‌ന നെഹ്‌വാള്‍, പരുപ്പള്ളി കശ്യപ് എന്നിവരെല്ലാം സാമന്തയുടെ അടുത്ത ഷോകളിലെത്തുമെന്നാണ് വിവരം.