തിരുവനന്തപുരം: ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി എ.കെ ബാലന് നടത്തിയ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ…

”ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നമ്മള് ആദ്യം അവാര്‍ഡ് കൊടുത്തത് വിനായകനായിരുന്നു; പിന്നീട് ഇന്ദ്രന്‍സിനായിരുന്നു”

ഈ പ്രസ്താവന വഴി എന്താണ് മന്ത്രി ഉദ്ദേശിക്കുന്നത്..?
ചലച്ചിത്ര അക്കാദമി ജൂറിയെ തീരുമാനിച്ചു കഴിഞ്ഞാല്‍, ചലച്ചിത്രങ്ങളുടെ, അഭിനേതാക്കളുടെ, സാങ്കേതിക പ്രവര്‍ത്തരുടെ മികവ് വിലയിരുത്തി ജൂറിയാണ് ജേതാക്കളെ നിര്‍ണയിക്കുന്നത്.
അവിടെ സര്‍ക്കാറിന് എന്തു കാര്യം? മന്ത്രിയുടെ വാക്ക് വിശ്വസിച്ചാല്‍ ജൂറിയല്ല, മറിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനപ്രകാരമാണ് പുരസ്കാര ജേതാക്കളെ തീരുമാനിക്കുന്നതെന്ന് കാണേണ്ടി വരും!
അത് പ്രതിഭാശാലികളായ വിനായകനെയും സൗബിനെയും ഇന്ദ്രന്‍സിനെയും ജയസൂര്യയെയും സുരാജിനെയുമെല്ലാം അപമാനിക്കലാണ്; സര്‍ക്കാറിന്റെ ഏതെങ്കിലും തരത്തിലുള്ള ഔദാര്യമല്ല അവര്‍ കൈപ്പറ്റിയത്മികവിന്റെ അംഗീകാരമാണ്.
അതുമാത്രമല്ല, ഇതിന് മുമ്പ് പുരസ്കാരം ലഭിച്ച പ്രതിഭാശാലികളായ ചലച്ചിത്ര പ്രവര്‍ത്തകരെയും അപമാനിക്കലാണ്. ഓരോ കാലഘട്ടത്തിലും വിധി നിര്‍ണയിക്കുന്ന ഇടവേളകളില്‍ പുറത്തുവരുന്ന ചിത്രങ്ങളെയാണ് പരിഗണിക്കുക; അതിനനുസൃതമായിട്ടാണ് അവാര്‍ഡ് നല്‍കുന്നത്.
2015 ല്‍ സനല്‍കുമാര്‍ ശശിധരന്റെ ഒഴിവു ദിവസത്തെ കളി മികച്ച ചലച്ചിത്രമായതും ദുല്‍ഖറും പാര്‍വതിയും മികച്ച അഭിനേതാക്കളായതും അക്കാലത്തെ ചിത്രങ്ങളെ പരിഗണിച്ചാണ്. 2014ല്‍ മികച്ച ചിത്രം ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ജയരാജിന്റെ ഒറ്റാലായിരുന്നു; എന്നാല്‍ ഒരാള്‍ പൊക്കത്തിലെ സംവിധായക മികവിന് സനല്‍ കുമാര്‍ ശശിധരനെ തന്നെയാണ് മികച്ച സംവിധായകനായി തിരിഞ്ഞെടുത്തത്. നസ്രിയ നസീമും നിവിന്‍ പോളിയും മാത്രമല്ല, മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സുദേവ് നായരും മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്കാരം പങ്കിട്ടതാണ്.
2013 ല്‍ സുദേവന്റെ സി ആര് നമ്പര്‍89 എന്ന ചിത്രത്തെ മികച്ച ചിത്രമായി അംഗീകരിക്കാന്‍ ജൂറിക്ക് ഒരു മടിയുമില്ലായിരുന്നു എന്ന് ഇന്നത്തെ സാംസ്കാരിക മന്ത്രി ഓര്‍ക്കണം. ആര്‍ട്ടിസ്റ്റ് എന്ന ശ്യാമപ്രസാദ് ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. ഫഹദ് ഫാസില്‍ മാത്രമല്ല, ലാല്‍ എന്ന അഭിനേതാവിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതും ഇതേ വര്‍ഷമാണ്.
2012 ല്‍ അയാളും ഞാനും തമ്മില്‍. സെല്ലുലോയ്ഡ് ചിത്രങ്ങളിലെ പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ നിദ്രയിലെയും 22 ഫീമെയില്‍ കോട്ടയത്തിലെയും അഭിനയ മികവിന് റിമ കല്ലിങ്കലിനാണ് നടിക്കുള്ള അംഗികാരം ലഭിച്ചത്. 2011 ല്‍ ദിലീപും ശ്വേതാ മേനോനും മികച്ച അഭിനേതാക്കളായപ്പോള്‍ പ്രണയത്തിലൂടെ ബ്ലെസിയാണ് മികച്ച സംവിധായകനായി മാറിയത്.
ഇവിടെയൊന്നും മറ്റ് പരിഗണനകള്‍ കടന്നുവന്നിട്ടില്ല, മറിച്ച് അതത് കാലങ്ങളിലെ മികവാണ് മാനദണ്ഡമാക്കിയതെന്ന് മന്ത്രി എ കെ ബാലനെ ഓര്‍മ്മിപ്പിക്കാനാണ് ഇത്രയും ഉദാഹരിച്ചത്. തന്നെയുമല്ല, മേലുദ്ധരിച്ചതു പോലെ താങ്കളുടെ കാലഘട്ടത്തിലെ നടന്മാരുടെ മാത്രമല്ല, നടികളുടെ പേര് കൂടി പരാമര്‍ശിക്കേണ്ടിയിരുന്നു; മികച്ച സംവിധായകനെ ഓര്‍മ്മപ്പെടുത്തേണമായിരുന്നു. അതൊന്നും ചെയ്യാതെ നടന്മാരെ മാത്രം പരാമര്‍ശിച്ചത് ഉദ്ദേശ ശുദ്ധി സംശയിപ്പിക്കുന്നു.
ജൂറിക്ക് മീതെ സര്‍ക്കാറിന്റെ കൈകടത്തലോടെ ഏതെങ്കിലും പുരസ്കാരം പ്രഖ്യാപിച്ചെന്ന് വന്നാല്‍ അത് ജേതാക്കളെ കൂടി അപമാനിക്കലാണ്, അവരുടെ കഴിവ് ചോദ്യം ചെയ്യലാണെന്ന് മന്ത്രി തിരിച്ചറിയണം. അക്കാദമി പുരസ്കാരങ്ങള്‍ ഔദാര്യങ്ങളല്ല…