തൃശൂര്‍: കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് കുരുക്കായി പുതിയ വിവാദങ്ങള്‍. ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വിചാരണ കൊച്ചി കോടതിയില്‍ തുടരവെയാണ് ഈ വിവരങ്ങള്‍ പരസ്യമാകുന്നത്. കാസര്‍കോട്ടെ ബേക്കല്‍ പോലീസില്‍ ലഭിച്ച പരാതിയില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപിനെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെയാണ് കൊല്ലം സ്വദേശി നാസര്‍ കേസില്‍ മൊഴി മാറ്റുന്നതിന് തനിക്ക് പണവും സ്ഥലവും വാഗ്ദാനം ചെയ്തുവെന്ന് ജെന്‍സണ്‍ പറയുന്നത്.

2017 ഫെബ്രുവരി 17നാണ് കൊച്ചി യാത്രയ്ക്കിടെ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ട പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ പോലീസ് ദിവസങ്ങള്‍ക്കകം പിടികൂടി. ഇയാളെ ആലുവ സബ്ജയില്‍ റിമാന്റ് ചെയ്തു. ഇവിടെ വച്ചാണ് ജെന്‍സണെ പരിചയപ്പെടുന്നത്. തൃശൂര്‍ ചുവന്നമണ്ണ് സ്വദേശിയാണ് ജെന്‍സണ്‍. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു. ജയിലില്‍ കഴിയവെ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക വിവരങ്ങള്‍ സുനി സഹതടവുകാരനായ ജെന്‍സണുമായി പങ്കുവച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ജയില്‍ മോചിതനായ ജെന്‍സണ്‍ കേസിന്റെ ഈ വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും ക്വട്ടേഷനായിരുന്നുവെന്നും സുനി പറഞ്ഞു എന്നാണ് ജെന്‍സണ്‍ നല്‍കിയ മൊഴി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് നിര്‍ണായക വിവരങ്ങളാണ് ഇതുവഴി ലഭിച്ചത്. മറ്റൊരു സഹതടവുകാരനായിരുന്നു ബേക്കല്‍ സ്വദേശിയോടും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുനി പങ്കുവച്ചിരുന്നു. ദിലീപിനെതിരെ നല്‍കിയ മൊഴി മാറ്റണം എന്നാവശ്യപ്പെട്ട് ചിലര്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നു എന്നാണ് ജെന്‍സണ്‍ പറയുന്നത്. അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തുവെന്നും ഇയാള്‍ പറയുന്നു. ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം കൊല്ലം സ്വദേശി നാസര്‍ എന്നയാളാണ് വിളിച്ചതെന്നും ജിന്‍സണ്‍ തൃശൂര്‍ പീച്ചി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതി നല്‍കിയ പിന്നാലെ ജെന്‍സണ്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും ഇക്കാര്യം ആവര്‍ത്തിച്ചു. ഒരു കാരണവശാലും മൊഴി മാറ്റില്ലെന്നും സ്വാധീനങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജെന്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന് അടുത്തിടെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ നേരിട്ട വിഷമങ്ങള്‍ ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയെ സമീപിച്ചു. പിന്തുണച്ച് സര്‍ക്കാരും രംഗത്തുവന്നു. എങ്കിലും വിചാരണ തുടരാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ കേസിലെ പ്രോസിക്യൂട്ടര്‍ രാജിവച്ചു. ഇതോടെ വിചാരണയുടെ ഭാവി എന്ത് എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെയാണ് രണ്ടു സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാകും.