
കൊച്ചി• പത്തനംതിട്ട എരുമേലി സ്വദേശിനി കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജഡ്ജി വി.ജി. അരുണിന്റെ ഉത്തരവ്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും ഇപ്പോൾ എവിടെയാണെന്നു വെളിപ്പെടുത്താനാവില്ലെന്നുമുള്ള നിലപാടിൽ പൊലീസ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഹർജിക്കാർ ഉറച്ചു നിൽക്കുകയായിരുന്നു.


കേസന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സിബിഐയോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ സംശയിക്കുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ(എഎസ്ജിയും) കോടതിയെ അറിയിച്ചു. തുടർന്നാണ് അന്വേഷണം സിബിഐക്കു കൈമാറാൻ നിർദേശിച്ചിരിക്കുന്നത്. കേസന്വേഷണത്തിനു വേണ്ട വാഹന സൗകര്യങ്ങൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ നൽകേണ്ട സാഹചര്യമുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ജzസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22 മുതലാണ് കാണാതായത്. പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉൾപ്പടെയുള്ളവർ കേസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ജെസ്നയെ കണ്ടുത്തുന്നവർക്കുള്ള പാരിതോഷികം അഞ്ചുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്ന സാഹചര്യവുമുണ്ടായി. നിരവധിപ്പേർ ജെസ്നയെ കണ്ടെത്തിയതായി അറിയിച്ച് രംഗത്തു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ അത് ജെസ്നയല്ല എന്ന് വ്യക്തമായിരുന്നു. തുടർന്ന് അടുത്തിടെ വിരമിച്ച കുറ്റാന്വേഷണ വിദഗ്ധൻ കെ.ജി. സൈമൺ പത്തനംതിട്ട പൊലീസ് മേധാവിയായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു.

തുടർന്നാണ് ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിലയിലുള്ള വിവരങ്ങൾ പുറത്തു വന്നത്. ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്ന് കെ.ജി. സൈമൺ അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ അദ്ദേഹം ജോലിയിൽനിന്നു വിരമിച്ചിട്ടും ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ പുറത്തു വരാതായതോടെ വിവിധ സംഘടനകളും ജെനസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്‌ഷൻ എന്ന സംഘടന നൽകിയ ഹേബിയസ് കോർപ്പസ് ഹർജി സാങ്കേതിക പിഴവുകളെ തുടർന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ജെസ്നയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്.

നേരത്തെ ജെസ്ന കേസിൽ താൻ നൽകിയ വിവരങ്ങൾ പൊലീസ് അവഗണിച്ചെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും പ്രതിഷേധമാണെന്നും അവകാശപ്പെട്ട് എരുമേലി സ്വദേശി രഘുനാഥൻ നായർ ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിയോയിൽ ഒഴിച്ചിരുന്നു. കേസ് പരിഗണിക്കുന്ന ബെഞ്ചിലുള്ള ജഡ്ജിക്കു നേരെ അല്ലായിരുന്നു ആക്രമണമെന്നതിനാൽ സംഭവവുമായി ബന്ധമില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാൻ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു കൊല്ലമുളയിലെ കുന്നത്ത്‍വീട്. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിനു നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി.
കുടുംബത്തിന്റെയാകെ കണ്ണീരിനും പ്രാർഥനയ്ക്കും കാത്തിരിപ്പിനും ഫലമുണ്ടാകുമെന്ന് പിതാവ് ജെയിംസ് ജോസഫ് പറയുന്നു. സിബിഐ അന്വേഷണ പ്രഖ്യാപനത്തെക്കുറിച്ച് ജെയിംസ് ജോസഫ് ‘ഓൺലൈനി’നോട്:ഞങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി അന്വേഷണം കൈമാറിയതിൽ സന്തോഷമുണ്ട്. ജെസ്നയെക്കുറിച്ചുള്ള വിവരങ്ങൾ സിബിഐക്ക് കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ.പോലീസ് ,അവർ അന്വേഷിച്ചില്ലായെന്നു പറയുന്നില്ല. പക്ഷേ, റിസൽട്ട് ഇല്ല. മൂന്നു വർഷമായി മകളെ കാണാതായിട്ട്. മകൾ എവിടെ എന്നതിനു വ്യക്തമായ ഉത്തരം നൽകാൻ പൊലീസിനു സാധിച്ചില്ല.അന്വേഷണ ചുമതലയുണ്ടായിരുന്ന റിട്ട. എസ്പി കെ.ജി.സൈമൺ, ഡിജിപി ടോമിൻ ജെ.തച്ചങ്കരി എന്നിവരുടെ പേരിലാണ് ഹേബിയസ് കോർപസ് കേസ് നൽകിയത്. ഇങ്ങനെ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരിൽ ഹേബിയസ് കോർപസ് നൽകിയാൽ തള്ളിപ്പോകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചത്.പലരും പലതും പറഞ്ഞു വിളിച്ചിരുന്നു. ആ വിവരങ്ങളൊക്കെ പത്തനംതിട്ട പൊലീസിനു കൈമാറിയിരുന്നു. മറ്റൊരു സൂചനയും ലഭിച്ചില്ല.ജെസ്ന ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കാനാണു ഞങ്ങൾക്ക് ഇഷ്ടം.• ചില തീവ്ര സംഘടനകളുടെ പിടിയിലാണ് ജെസ്ന എന്ന് ചില അഭ്യൂഹങ്ങളെക്കുറിച്ച് േകട്ടിരുന്നു .അതേക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല. അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാൻ ഒന്നും ഞങ്ങളുടെ പക്കലില്ല.സിബിഐ വരുന്നതിൽ പ്രതീക്ഷയും വിശ്വാസവുമുണ്ട്..എല്ലാം അവർ ഇനിയും അന്വേഷിക്കട്ടെ

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു ജെസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. മകൾ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി; ഫലമുണ്ടായില്ല.

തിരോധാനം നിയമസഭയിലും കോലാഹലങ്ങൾക്കു വഴിവച്ചു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്ന പോയതായി സിസി ടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു.
ജെസ്‌നയെന്നു കരുതുന്ന പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇന്നും അറിയില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
2020 മേയിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി ജെസ്നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങൾ കിട്ടിയെന്ന സൂചന പുറത്തുവിട്ടതോടെ വിഷയം വീണ്ടും വഴിത്തിരിവിലെത്തി. വാർത്തയ്ക്കു പിന്നാലെ അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, ജെസ്നയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തിയതും ഊഹോപോഹങ്ങൾക്കു വഴിവച്ചു.

ഇതിനിടെ ബെംഗളൂരുവിൽ ജെസ്‌നയെ കണ്ടതായി പ്രചാരണമുണ്ടായി. എന്നാൽ അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ. ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സംഘം തിരിഞ്ഞ് അന്വേഷണം നടത്തി വരികയാണ്.
ജസ്നയുടെ കുടുംബവും നാട്ടുകാരും വളരെ പ്രതീക്ഷയിലാണ് .ഇനിയും സിബിഐ യിലാണ് എല്ലാ ആശ്രയവും .