കോട്ടയം :തനിക്കെതിരായ മൂര്‍ഖന്‍ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനോട് പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. ‘പി.സി ജോര്‍ജിന് തന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. യു.ഡി.എഫ് സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഉദ്യോഗാര്‍ഥികളോട് സര്‍ക്കാര്‍ ചെയ്തത് കടുത്ത ദ്രോഹമാണ്’. അധികാരമുള്ള സമയത്ത് ലിസ്റ്റ് റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നു അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്‍റെ സ്വഭാവമാണെന്നായിരുന്നു പി.സി ജോര്‍ജിന്‍റെ പരാമര്‍ശം.

അതേസമയം യു.ഡി.എഫ് പ്രവേശനം അടഞ്ഞതോടെ പൂഞ്ഞാറിൽ ജനപക്ഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് പി.സി ജോർജ് . ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചാണ് പി.സി ജോർജ്ജ് വീണ്ടും പൂഞ്ഞാറില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാന്‍ പി.സി ജോർജ്ജും ജനപക്ഷവും ശ്രമിച്ചിരുന്നു.

യു.ഡി.എഫ് തന്നെയായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ ഇത് സാധ്യമാകാതെ വന്നതോടെയാണ് ഒറ്റയ്ക്ക് തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫ് പ്രവേശനത്തിന് വിലങ്ങു തടിയായ ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസിനേയും രൂക്ഷമായ ഭാഷയില്‍ പി.സി വിമർശിക്കുകയും ചെയ്തു.ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറയുമ്പോഴും ആര് പിന്തുണ നല്കിയാലും സ്വീകരിക്കാന്‍ പി.സി തയ്യാറാണ്. ക്രിസ്ത്യന്‍, ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ലൌജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് പി.സിയുടെ പ്രചരണം. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ചുവരെഴുത്ത് അടക്കമുള്ള പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്