കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ടെണ്ടര്‍ വിവരങ്ങള്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ സ്വപ്ന സുരേഷിന് ചോര്‍ത്തി നല്‍കി എന്നും ലോക്കറില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്ത ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴ വിഹിതമാണെന്നും ഇഡി കോടതിയില്‍.

യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദ് സ്വപ്ന സുരേഷിനു കൈമാറിയ ഈ തുക ശിവശങ്കറിനുള്ളതാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഇത് ആദ്യമായാണ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ കൈക്കൂലി വാങ്ങിയെന്ന വിവരം പുറത്തു വരുന്നത്. നേരത്തെ ഇതുസംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ടെണ്ടര്‍ വിവരങ്ങള്‍ എം ശിവശങ്കര്‍ സ്വപ്ന സുരേഷിന് ചോര്‍ത്തി നല്‍കി എന്ന വിവരവും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേല നടപടികള്‍ തുടങ്ങുന്നതിനു മുമ്പ് ശിവശങ്കര്‍ സ്വപ്നയ്ക്ക് വിവരം കൈമാറുകയായിരുന്നു പതിവ്. ലൈഫ് മിഷന്റെ 36 പ്രൊജക്ടുകളില്‍ 26 എണ്ണവും രണ്ട് കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. ഇത് സ്വപ്നയുടെ ഇടപെടലില്‍ ആണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശിവശങ്കര്‍ താല്‍പര്യപ്പെട്ടിരുന്നു എന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്.
വിദേശത്തു നിന്നുള്ള സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാര്‍ക്ക് കമ്മിഷന്‍ ലഭിക്കുന്നതില്‍ തെറ്റില്ലെന്ന നിയമോപദേശം തനിക്ക് ലഭിച്ചിരുന്നതായും കമ്മിഷന്‍ തുകയില്‍ ഒരു രൂപ പോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു ശിവശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുള്ള മൊഴി.
സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം അവരുടേത് മാത്രമാണ്. ലോക്കര്‍ തുറക്കാന്‍ സഹായിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തന്റെ പരിചയക്കാരനാണ്. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് നിയമോപദേശത്തിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തി നല്‍കിയത് എന്നും ശിവശങ്കര്‍ എന്‍ഐഎയ്ക്കും ഇഡിക്കും നേരത്തെ മൊഴി നല്‍കിയിരുന്നു.