കൊച്ചി: അമിതമായി ഗുളികകള്‍ കഴിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

വഴിയരികില്‍ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്‌ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സജ്‌ന ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഉറക്കഗുളിക അമിതമായതിനാലാണ് നിരീക്ഷണത്തില്‍ വയ്ക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

13 വര്‍ഷം മുന്‍പാണ് കോട്ടയം സ്വദേശിയായ സജ്‌ന ഷാജി കൊച്ചിയിലെത്തുന്നത്. ട്രെയിനില്‍ ഭിക്ഷയെടുത്ത് ജീവിതം തുടങ്ങിയ സജ്‌ന ഷാജി വര്‍ഷങ്ങള്‍ക്കിപ്പുറം കോവിഡ് പ്രതിസന്ധിയിലും ഒരാള്‍ക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്നത്. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുന്‍പ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്.
ആദ്യം പരിസരത്ത് കച്ചവടം തുടങ്ങിയവരാണ് സജ്!നയുടെ ബിരിയാണി കച്ചവടത്തിന് എതിരെ വന്നത്. പിന്നീട് നാട്ടുകാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് തന്നെ വാര്‍ഡ് കൌണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഭീഷണിപ്പെടുത്തിയതായും സജ്‌ന ആരോപിച്ചിരുന്നു. തുടര്‍ന്ന് വില്‍പ്പന നടത്താത്ത ബിരിയാണിപൊതികളുമായി ലൈവില്‍ വന്ന് തന്റെ നിസ്സഹായവസ്ഥ പൊട്ടിക്കരഞ്ഞ് സജ്‌ന വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സജ്‌നയുടെ ഒരു പോസ്റ്റ് ഇങ്ങനെ…
”വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്‌നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന നേതാക്കളോടും, സുഹൃത്തുക്കളോടും, വിവിധ ദൃശ്യമാദ്ധ്യമങ്ങളോടുമായി വീണ്ടും പറയുന്നു ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഇന്ന് എന്റെ വോയിസ് ക്ലിപ്പ് എഡിറ്റ് ചെയ്ത് ഒരു പറ്റം സമൂഹമാദ്ധ്യമങ്ങള്‍ എന്നെ ആക്ഷേപിക്കുകയുണ്ടായി, അതിന്റെ പരിപൂര്‍ണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തില്‍ തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നരീതിയില്‍ വോയിസ് സന്ദേശം പ്രചരിപ്പിക്കുന്നത്, തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം, ഞാന്‍ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് ഞാന്‍ നിക്ഷേധിക്കുന്നില്ല എന്നാല്‍ മുഴുവന്‍ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരണം നടക്കുന്നത്, തന്നെ പോലെ തന്നെ കഷ്ടതകള്‍ അനുഭവിക്കുന്ന സഹപ്രവര്‍ത്തകയ്ക്ക് തനിക്ക് കിട്ടുന്നതില്‍ നിന്നും സഹായം ചെയ്യാമെന്ന് കരുതിയാണ് പറഞ്ഞത് സഹായിക്കാന്‍ കാണിച്ച മനസ്സിനെയാണ് നിങ്ങള്‍ കരയിച്ചത്, ഇനി ഞാന്‍ എന്താ വേണ്ടേ മരിക്കണോ, അപ്പോഴും സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ആരെയും ആശ്രയിക്കാതെ സ്വയം തൊഴില്‍ ചെയ്ത് കൂടെയുള്ളവര്‍ക്ക് തൊഴിലും നല്‍കി, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആഹാരവും നല്‍കിയാണ് ജീവിതം മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ല, വാടകയ്ക്കാണ് കഴിയുന്നത്, ഒരു അപേക്ഷയുണ്ട് എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്, ഞാനും മനുഷ്യസ്ത്രീയാണ്, സമൂഹത്തില്‍ എനിക്കും ജീവിക്കാന്‍ അവകാശമില്ലേ..?”