ന്യൂഡല്‍ഹി: പരിശീലന പറക്കല്‍ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലില്‍ വീണ നാവിക സേനയുടെ മിഗ് 29 കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലാന്‍ഡിംഗ് ഗിയര്‍, ടര്‍ബോചാര്‍ജര്‍, ഫ്യുവല്‍ ടാങ്ക് എഞ്ചിന്‍, വിംഗ് എഞ്ചിന്‍ കൗലിംഗ് എന്നിവയാണ് തിരച്ചിലിനിടെ കണ്ടെത്തിയത്. അപകടത്തില്‍ കാണാതായ പൈലറ്റിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും നാവികസേന അറിയിച്ചു.

വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പരിശീലന പറക്കല്‍ നടത്തുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു മിഗ് 29 കെ വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണത്. അപകടസമയത്ത് രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാലെ ജീവനോടെ തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നു. രണ്ടാമനായ ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിങ്ങിനായുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ഒന്‍പത് നാവിക സേന യുദ്ധക്കപ്പലുകളും, 14 യുദ്ധവിമാനങ്ങളും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. സമുദ്രമേഖലയുടെ തീരപ്രദേശങ്ങളില്‍ തീരദേശ പോലീസും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ നടക്കുന്ന മൂന്നാമത്തെ മിഗ് 29 കെ വിമാനപകടമായിരുന്നു വ്യാഴാഴ്ചത്തേത്. 2019 നവംബര്‍ 16ന് ഗോവയില്‍ മിഗ് 29 കെ പരിശീലന വിമാനം തകര്‍ന്നിരുന്നു.
വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ എഞ്ചിന്‍ തകരാറായിരുന്നു അപകട കാരണം. സംഭവത്തില്‍ വിമാനത്തിലെ രണ്ട് പൈലറ്റുകളും പരിക്കേല്‍ക്കാതെ സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലും മിഗ് 20കെ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. 2018 ജനുവരിയില്‍ ഗോവയിലെ ഐഎന്‍എസ് ഹന്‍സ ആസ്ഥാനത്ത് റണ്‍വേയില്‍ വെച്ചും വിമാനം അപകടത്തില്‍പ്പെട്ടിരുന്നു.