THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, October 4, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തും

തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തും

ഈ നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് ചോദിച്ചു നേതാക്കൾ; മുല്ലപ്പള്ളി മാറണം എന്നു പറയാതെ പറഞ്ഞു നേതാക്കൾ; കൂട്ടത്തോടെയുള്ള കുറ്റപ്പെടുത്തലിൽ മനം മടുത്ത് മുല്ലപ്പള്ളിയും; തന്റെ തീരുമാനം ഇന്ന് താരിഖ് അൻവറിനെ അറിയിക്കും; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമെന്ന് ഏതാണ്ട് ഉറപ്പായി

adpost

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് ശക്തികൂടി. തലമാറിയാലേ പാർട്ടി നന്നാവൂ എന്ന പൊതുവികാരമാണ് നേതാക്കൾ എഐസിസി പ്രതിനിധി സംഘത്തിന് മുന്നിൽ വ്യക്തമാക്കിയത്. മാറ്റം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് എത്രയും വേഗത്തിൽ വേണമെന്നാണ് നേതാക്കളുടെ ആവശ്യം. ഡിസിസികളിൽ അഴിച്ചുപണി ഉറപ്പായെങ്കിലും കെപിസിസി നേതൃത്വത്തിൽ മാറ്റം വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുല്ലപ്പള്ളി മാറേണ്ട കാര്യമില്ലെന്നാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നിലപാട് കൈക്കൊള്ളുന്നത്.

adpost

അതേസമയം മറ്റു നേതാക്കളെല്ലാം പറയാതെ പറുന്നത് മുല്ലപ്പള്ളി മാറണമെന്ന് തന്നെയാണ്. ഡിസിസികളിൽ അടിയന്തര അഴിച്ചു പണിക്കായി പലരും ശബ്ദം ഉയർത്തിയപ്പോൾ കെപിസിസി തലപ്പത്തും മാറ്റം വേണമെന്ന ഒറ്റപ്പെട്ട അഭിപ്രായം വന്നു. നേതൃ മാറ്റത്തിനല്ല, ചർച്ചയ്ക്കാണ് ഇപ്പോൾ പ്രാധാന്യം എന്നു യോഗത്തിനു മുന്നോടിയായി എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കിയിരുന്നു. അതു കൊണ്ട് കൂടിയാണ് നേതാക്കൾ നേതൃമാറ്റമെന്ന ആവശ്യത്തിലേക്ക് കടക്കാതിരുന്നതും.

ഇന്നു യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായിക്കൂടി സംസാരിച്ചശേഷം സംഘം മടങ്ങും. മുസ്ലിംലീഗ് അടക്കം കെപിസിസി നേതൃത്വത്തിൽ മാറ്റം വേണെന്ന ആവശ്യം ഉന്നയിച്ചേക്കുമെന്നും സൂചനകളുണ്ട്. കൂടുതൽ സീറ്റുകൾ വിട്ടു നൽകണമെന്ന ആവശ്യവും ലീഗ് നേതാക്കൾ ഉന്നയിച്ചേക്കും. താരിഖ് അൻവറിനെ കൂടാതെ എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, ഇവാൻ ഡിസൂസ എന്നിവരാണു കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവരെ പ്രത്യേകം കണ്ടത്. കേരളത്തിലേക്കു നിയോഗിക്കപ്പെട്ട പി.വി.വിശ്വനാഥൻ എത്തിയില്ല.

ഡിസിസി പുനഃസംഘടന ആലോചിക്കുന്നുണ്ട് എങ്കിൽ ദിവസങ്ങൾക്കുള്ളിൽ വേണമെന്ന് ആദ്യം സംഘത്തെ കണ്ട കെ.സി.ജോസഫ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ കെപിസിസി പൂർണമായും പരാജയപ്പെട്ടെന്നു വി.ഡി.സതീശൻ കുറ്റപ്പെടുത്തി. പാർട്ടിയെ നയിക്കുന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ 3 നേതാക്കൾ തമ്മിൽ തന്നെ ആശയ വിനിമയങ്ങളിൽ വിടവുണ്ട്. എംപിമാരെയും പതിവു മുഖങ്ങളെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒഴിവാക്കണമെന്നും സതീശൻ നിർദേശിച്ചു.

പരാജയത്തിനു കെപിസിസി പ്രസിഡന്റിനെ ബലിയാടാക്കുന്നതിനോടു യോജിപ്പില്ലെന്ന് എം.എം.ഹസൻ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് അതിപ്രസരത്തിനെതിരെ പി.സി.ചാക്കോ രൂക്ഷ വിമർശനം ഉയർത്തി. തീർത്തും നിറം മങ്ങിയ ഡിസിസികളിൽ നേതൃമാറ്റം വേണമെന്ന് ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആസൂത്രണവും ഏകോപനവും തീർത്തും ഇല്ലായിരുന്നതായി അടൂർ പ്രകാശ്കുറ്റപ്പെടുത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി.വിഷ്ണുനാഥ്, എം.ലിജു എന്നിവരും സംഘടനാ വീഴ്ചകൾ എണ്ണിയെണ്ണിപറഞ്ഞു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനായി കർമപദ്ധതി തയാറാക്കി എഐസിസി സംഘത്തിനു സമർപ്പിക്കാനായി സംസ്ഥാന നേതൃത്വം. എഐസിസിയിൽ നിന്നു തിരഞ്ഞെടുപ്പ് ഫണ്ട് എന്ന ആവശ്യവും ഉയർത്തും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്ന് ഇതിനായി ഓൺലൈൻ വഴി കൂടിയാലോചന നടത്തും.

കോവിഡ് ബാധിച്ചിരുന്നതിനാൽ ചെന്നിത്തലയ്ക്കു നേരിട്ടുള്ള ചർച്ചകളിൽ പങ്കെടുക്കാനായില്ല. ഉമ്മൻ ചാണ്ടി രാത്രി വൈകി സംഘത്തെ കണ്ടു. കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നുവെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നേ തന്റെ നിലപാടു വ്യക്തമാക്കൂ. ജില്ലകളിലെ പ്രമുഖരുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് മുല്ലപ്പള്ളിയും കെപിസിസി ജനറൽസെക്രട്ടറി കെ.പി.അനിൽകുമാറും എഐസിസി സംഘത്തിന് ഇന്നു കൈമാറും.

സംസ്ഥാന നേതാക്കളുമായി ഒരുമിച്ചുള്ള കൂടിക്കാഴ്ച ഒഴിവാക്കി ഒറ്റക്കൊറ്റയ്ക്കാണ് താരിഖ് അൻവർ കാണുന്നത്. കെപിസിസി നേതൃമാറ്റം ഒഴിവാക്കി ഡിസിസികളിൽ അഴിച്ചുപണിക്കാണ് സാധ്യത. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നാണ് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. കെപിസിസി ജനറൽ സെക്രട്ടറിമാർ, വൈസ്പ്രസിഡന്റുമാർ എന്നിവർ ഒറ്റയ്ക്കൊറ്റയ്ക്ക് താരീഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി.

പരാജയത്തിന്റെ ഉത്തരവാദിത്തം ഡിസിസി നേതൃത്വത്തിനുണ്ടെന്നും കെപിസിസി നേതൃത്വത്തെമാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും മുല്ലപ്പള്ളി അനുകൂലികൾ അഭിപ്രായപ്പെട്ടു. മുല്ലപ്പള്ളിയെ മാറ്റണമെന്ന് ഉന്നയിച്ചില്ലെങ്കിലും ഉമ്മൻ ചാണ്ടിയെ നേതൃപദവിയിലേക്ക് നിയോഗിക്കണമെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നിലയിൽ തെരഞ്ഞെടുപ്പിനെ നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

മുല്ലപ്പള്ളിയെ മാറ്റിയാൽ ലീഗിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. സംഘടനാ പാളിച്ചകളും ഏകോപനത്തിൽ കുറവും ഗ്രൂപ്പിസവുമാണ് തോൽവിക്ക് കാരണമെന്ന് പലനേതാക്കളും അഭിപ്രായപ്പെട്ടു. പ്രചാരണത്തിന് പണം കിട്ടിയില്ലെന്നും പരാതി ഉയർന്നു. നിലവിലെ സാഹചര്യം സംബന്ധിച്ച റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷയ്ക്ക് സമർപ്പിക്കുമെന്ന് താരിഖ് അൻവർ പ്രതികരിച്ചു. മുസ്ലിംലീഗുൾപ്പെടെ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസിൽ നേതൃമാറ്റമെന്ന ആവശ്യം അദ്ദേഹം പാടെ തള്ളിയില്ല. ദേശീയ നേതാക്കൾ തിങ്കളാഴ്ച ഘടകകക്ഷി നേതാക്കളെ കാണും. തുടർന്ന്, നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഐസിസി തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com