തിരുവനന്തപുരം :കെ . സുധാകരൻ നടത്തിയത് ജാതി അധിക്ഷേപമല്ലെന്ന്ഇ ടതു ചിന്തകനും രാഷട്രീയ നിരീക്ഷകനുമായ ഡോക്ടർ ആസാദ് രംഗത്തെത്തി. ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. തൊഴിലാളി വർഗ സമീപനത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചു പറയുമ്പോൾ അതിനെ ജാതി അധിക്ഷേപമായി പ്രചരിപ്പിക്കുന്നത് ശരിയല്ല. തനിക്ക് തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രനാകാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് ദുഃഖിച്ച കമ്യൂണിസ്റ്റ് ആചാര്യൻ സ്വത്തു മുഴുവൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിന് വിട്ടുകൊടുത്ത ചരിത്രവും അദ്ദേഹം ഓർമിപ്പിക്കുന്നു.

ഡോക്ടർ ആസാദിന്റെ കുറിപ്പ്:

‘പിണറായി വിജയന്‍ ആരാ. എനിക്കും നിങ്ങള്‍ക്കും അറിയാം പിണറായി ആരെന്ന്. പിണറായിയുടെ കുടുംബം എന്താ. എന്താ പിണറായിയുടെ കുടുംബം. ചെത്തുകാരന്റെ കുടുംബാ. ആ ചെത്തുകാരന്റെ കുടുംബത്തില്‍നിന്ന് അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവജ്വാല ഏറ്റെടുത്ത് ചെങ്കൊടി പിടിച്ച് മുന്നില്‍ നിന്ന് നിങ്ങള്‍ക്കു നേതൃത്വം കൊടുത്ത പിണറായി വിജയന്‍ ഇന്നെവിടെ. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍നിന്നുയര്‍ന്നു വന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അഭിമാനമോ. നിങ്ങള്‍ക്ക് അപമാനമോ ആണോ. സി പി എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകന്മാര്‍ ചിന്തിക്കണം.’
ഇതു കേട്ടിട്ട് എന്തു തോന്നുന്നു? സുധാകരന്‍ ജാതിയധിക്ഷേപം നടത്തിയെന്നാണോ? പിറന്ന വര്‍ഗവും പ്രവര്‍ത്തിക്കുന്ന വര്‍ഗവും തമ്മിലുള്ള താരതമ്യം തൊഴിലാളിവര്‍ഗത്തിന് അഹിതകരമാവുമോ? ഇഎംഎസ് താന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രന്‍ മാത്രമാണെന്ന് ഖേദിച്ചിട്ടുണ്ട്. ജനിച്ച വര്‍ഗം മാറ്റാന്‍ കഴിയില്ലല്ലോ. എന്നാല്‍ ജീവിക്കേണ്ട (പ്രവര്‍ത്തിക്കുന്ന) വര്‍ഗം തനിക്കു നിശ്ചയിക്കാം. സ്വത്തു മുഴുവന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനു നല്‍കി അദ്ദേഹം തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രനാവാന്‍ നിശ്ചയിച്ചു. എന്നാല്‍ തൊഴിലാളി വര്‍ഗത്തില്‍ പിറന്ന പലരും മുതലാളിവര്‍ഗത്തിന്റെ പുത്രവേഷത്തില്‍ തിമര്‍ക്കുന്നു. ഇതു ചൂണ്ടിക്കാണിക്കുന്നത് അപരാധമാവുമോ?
ചെത്തുകാരന്റെ കുടുംബം എന്നത് തൊഴിലാളിവര്‍ഗത്തിന്റെ പാരമ്പര്യം എന്ന അർഥത്തിലാണ് സുധാകരന്റെ പ്രസംഗത്തിലുള്ളത്. എന്നാല്‍ ചെത്തുകാരന്‍ എന്നാല്‍ ഈഴവന്‍ എന്നു മനസ്സിലുറപ്പിച്ച ജാതിവാദികള്‍ക്ക് ഏതു പാര്‍ട്ടിക്കൊടി പുതച്ചാലും ജാതിപ്പനി വിട്ടുപോവില്ല. ചെത്തെന്നേ കേട്ടുള്ളു. ജാത്യധിക്ഷേപം എന്നു മുറവിളിയായി. സൈബറിടങ്ങളില്‍ പ്രതിഷേധമിരമ്പി.
എല്ലാ പാര്‍ട്ടികളിലും ബുദ്ധിജീവികളിലുമുണ്ട് ചില മാന്യതാവേഷങ്ങള്‍. അവര്‍ ജാതി – മത വിവേചനങ്ങള്‍ക്കെതിരെ സംസാരിക്കാനുള്ള ഒരവസരവും പാഴാക്കില്ല. സുധാകരന്‍ ചെത്തെന്നു പറഞ്ഞപ്പോഴേയ്ക്കും ഉള്ളിലെ ജാതി നുരച്ചു പൊന്തി. നവോത്ഥാന വിപ്ലവ ആഭിമുഖ്യം വെളിപ്പെടുത്താന്‍ കിട്ടിയ അവസരമാണ്. സുധാകരനെ തള്ളിപ്പറയാം. ചാനലുകള്‍ ചര്‍ച്ച ചെയ്തു. സുധാകരന്‍ മാത്രം പറഞ്ഞു. ‘ഞാന്‍ തിരുത്തുകയില്ല.’ പറഞ്ഞത് വര്‍ഗ പ്രശ്നമാണ്. പലര്‍ക്കുമത് സ്വത്വപ്രശ്നമാക്കാന്‍ താല്‍പ്പര്യം കാണും.
വര്‍ഗ പ്രശ്നത്തെ സ്വത്വപ്രശ്നമാക്കി ജാതി/മത വിഭാഗീയതകളിലേക്കും കലഹാസ്പദ വിപരീതങ്ങളിലേക്കും സമൂഹത്തെ തള്ളിവിടുന്ന പ്രക്രിയയിലാണ് പലരും ഇപ്പോള്‍ ഏര്‍പ്പെട്ടു പോരുന്നത്. ഫാഷിസത്തിന്റെ കാലത്ത് അതത്ര നിഷ്കളങ്കമല്ല. ജാതി ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയില്‍ ഒപ്പുവെക്കലാണ്. അതു നടപ്പാക്കലാണ്.
തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയം വഴിയില്‍ ഉപേക്ഷിച്ചവരെന്ന് അധിക്ഷേപിക്കുകയാണ് സുധാകരന്‍ ചെയ്തത്. ജാത്യധിക്ഷേപത്തെക്കാള്‍ കഠിനമായ വിമര്‍ശനമാണത്. അതിനുള്ള മറുപടി പറയാതെ ജാതിമറയില്‍ ഒളിക്കാനുള്ള ശ്രമം ലജ്ജാകരമാണ്.