തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കൂട്ടുപ്രതി. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതും സരിതയെന്നും ഒന്നാം പ്രതി രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു. സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്‍റെ രേഖമായി ചെക്കും ഹാജരാക്കി.

ബവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിൻകര സ്വദേശികളായ 2 പേരിൽ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതയ്ക്കെതിരായ കേസ്. സരിതയുടെ അക്കൗണ്ടിലേക്കു പണം ഇട്ടു നൽകിയതിന്റെയും മറ്റും തെളിവുകളും ശബ്ദരേഖയും പരാതിക്കാരൻ കൈമാറിയിരുന്നു.

ആരോഗ്യ കേരളം പദ്ധതിയിൽ 4 പേരെ പിൻവാതിൽ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥർക്കടക്കം പരാതിക്കാർ നൽകിയിരുന്നു. എന്നാൽ അന്വേഷണമോ അറസ്റ്റോ ഉടൻ വേണ്ടെന്ന നിർദേശമാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥർ നൽകിയത്. അതിനാൽ ആദ്യം സരിതയെ കേസിൽ ഉൾപ്പെടുത്തിയില്ല.
സമ്മർദത്തെ തുടർന്നു പിന്നീടു പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പ്രതിയാക്കിയത്. എന്നിട്ടും സരിതയുടെയും മറ്റു പ്രതികളായ സിപിഐയുടെ ജനപ്രതിനിധി അടക്കമുള്ളവരുടെയും മേൽവിലാസം അറിയില്ലെന്നു പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തി.
സരിതയുടേതായി ഇപ്പോൾ പുറത്തു വന്ന ശബ്ദരേഖയിൽ സിപിഎമ്മിനെ ഭയപ്പെടുത്തിയാണു പിൻവാതിൽ നിയമനം നടത്തുന്നതെന്നും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകുന്നുണ്ടെന്നും പറഞ്ഞിരുന്നു.
ഇതു സർക്കാരിനെ പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പു കാലത്തു സരിത വിഷയം തിരിച്ചടിക്കുമെന്നു ബോധ്യപ്പെട്ടതോടെയാണ് നേരത്തേ അന്വേഷണം വിലക്കിയവർ തന്നെ ഇപ്പോൾ ത്വരിതപ്പെടുത്താൻ നിർദേശിച്ചത്.