കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കം. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിക്ക് എതിരെയാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നത് എന്നാണ് നടി ആരോപിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് നടി ഹൈക്കോടതിക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. നടിയുടെ നീക്കം കേസില്‍ സുപ്രധാന വഴിത്തിരിവായേക്കും.

നടന്‍ ദിലീപ് എട്ടാം പ്രതിയായിരിക്കുന്ന കേസില്‍ വിചാരണ കോടതിക്ക് എതിരെ നേരത്തെ പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ വിചാരണ കോടതിക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സമാനമായി വിചാരണ കോടതിക്കെതിരെ നടിയും രംഗത്ത് വന്നത് നിര്‍ണായകമാണ്.

കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ആരോപിച്ചു. കേസിലെ വിചാരണ നടപടികള്‍ സുപ്രധാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് കോടതിക്കെതിരെ നടി പരാതി ഉന്നയിച്ചിരിക്കുന്നത്. സാക്ഷി വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗം നടത്തിയ ചോദ്യം ചെയ്യല്‍ ഒരു പീഡനമായി മാറിയപ്പോള്‍ പോലും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ നടി ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നിലവില്‍ പ്രോസിക്യൂഷന്‍ ആരോപണത്തിന് പിറകെ വിചാരണ കോടതി നടപടികള്‍ ഏറെക്കുറെ തടസ്സപ്പെട്ട നിലയിലാണ്.