ന്യൂഡൽഹി: മുന്നണി മാറ്റത്തിൽ മാണി സി.കാപ്പനൊപ്പം ഉറച്ചുനിന്ന ടി.പി. പീതാംബരനും മറുകണ്ടംചാടി. തനിക്കൊപ്പം ടി.പി.പീതാംബരനും യു.ഡി.എഫിലേക്ക് പോകുമെന്ന് മാണി സി.കാപ്പൻ കൊച്ചിയിൽ നടത്തിയ പ്രതികരണം വെട്ടിലാക്കിയതോടെയാണ് അദ്ദേഹം കാപ്പനെ തള്ളിയത്. വ്യക്തികളുടെ പിറകെയല്ല ശരദ് പവാർ പോകുകയെന്ന് വ്യക്തമാക്കിയ പീതാംബരൻ കാപ്പന്റെ പോക്ക് പിളർപ്പായി അംഗീകരിക്കില്ലെന്ന സൂചനയാണ് നൽകിയത്.


ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനെതിരാണ് കാപ്പന്റെ നിലപാടെങ്കിൽ താൻ അദ്ദേഹത്തോടൊപ്പം ഉണ്ടാകില്ല എന്ന് പീതാംബരൻ അറിയിച്ചു. ശരദ് പവാറിന്റെ പിന്തുണ കാപ്പനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മാണി സി. കാപ്പന്റെ നാളത്തെ നീക്കം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം മുൻകുട്ടി പറയാൻ കഴിയില്ലെന്നും ടി.പി. പീതാംബരൻ പറഞ്ഞു.

നേരത്തെ, എൽഡിഎഫ് ബന്ധം വിട്ടെന്നും യു.ഡി.എഫിന്റെ ഭാഗമാകുമെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എൽ.ഡി.എഫിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ടി.പി. പീതാംബരൻ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നും കാപ്പൻ മറുപടി നൽകിയിരുന്നു.