ഗാന്ധിനഗര്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എം എസ് ധോണിയുടെ അഞ്ചു വയസുള്ള മകള്‍ക്കെതിരെ പീഡന ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് മേഖലയിലെ നംന കപായ ഗ്രാമത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയായ 16കാരനാണ് മുദ്ര പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഞായറാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സൗരഭ് സിങ് പറഞ്ഞു.

ഐ പി എല്‍ 13ാം സീസണില്‍ ധോനിയുടെയും അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മോശം പ്രകടനത്തിന്റെ പേരിലാണ് മകള്‍ സിവയ്‌ക്കെതിരെ ഭീഷണി ഉയര്‍ന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ചെന്നൈയുടെ മത്സരത്തിനു ശേഷം ധോനിക്കും ടീമിനുമെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഭീഷണി സന്ദേശങ്ങളെ കുറിച്ച് പരാതി ലഭിച്ചതിനു പിന്നാലെ റാഞ്ചി പോലീസ് യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കച്ച് പോലീസിന് കൈമാറിയിരുന്നു. ഭീഷണി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത് ഈ യുവാവ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കച്ച് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി യുവാവ് സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.