കൊച്ചി: നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനായ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംവിധായകനും നായകനും കൊവിഡ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനഗണമനയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ് എന്നാണ് വിവരം.

യുവതാരങ്ങളെ അണിനിരത്തി ഒരുക്കി ശ്രദ്ധിക്കപ്പെട്ട ക്വീനിന്റെ സംവിധായകന്‍ ആണ് ഡിജോ ജോസ് ആന്റണി. ക്വീനിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി കൊണ്ടുളള ഡിജോയുടെ രണ്ടാമത്തെ ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂട് അടക്കമുളള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. പൃഥ്വിരാജിനും ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിക്കും.

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തി വെച്ച സിനിമാ ചിത്രീകരണം മലയാളത്തില്‍ അടക്കം പുനരാരംഭിച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടാണ് ദൃശ്യം 2 അടക്കമുളള ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു പ്രമുഖ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ബ്ലെസ്സി ചിത്രമായ ആടുജീവിതം ജോര്‍ദാനില്‍ ചിത്രീകരണം കഴിഞ്ഞ് മടങ്ങി എത്തിയതിന് ശേഷം പൃഥ്വിരാജ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു.