കൊച്ചി: ഫോണ്‍ തട്ടിപ്പില്‍ പരാതിയുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തന്റെ പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമിക്കുന്നുവെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ആരോപിക്കുന്നത്. രണ്ട് മൊബൈല്‍ നമ്പറുകളില്‍ നിന്നായി അല്‍ഫോന്‍സ് പുത്രന്‍ ആണെന്ന വ്യാജേന നടിമാരെയും മറ്റ് സ്ത്രീകളെയും വിളിക്കുന്നുവെന്നും കാണിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. ആരും ഫോണ്‍ വഴിയുള്ള തട്ടിപ്പിന് ഇരയാകരുതെന്ന് മുന്നറിയിപ്പുമായി അല്‍ഫോന്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ പേര്‍ അറിയുന്നത്. നടിമാരെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഫോണ്‍കോളുകള്‍ എത്തിയിരുന്നത്.

ഫോണ്‍ കോള്‍ ലഭിക്കുന്ന രണ്ട് മൊബൈല്‍ നമ്പറുകളും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 9746066514, 976687661 എന്നീ നമ്പറുകളാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്. താന്‍ ഈ നമ്പറിലേക്ക് വിളിച്ചപ്പോഴും അല്‍ഫോന്‍സ് പുത്രനാണെന്നാണ് പറഞ്ഞതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഇതോടെ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും അല്‍ഫോന്‍സ് പുത്രന്‍ വ്യക്തമാക്കി.

സമാനമായ ഫോണ്‍കോളുകള്‍ ലഭിച്ചാല്‍ ജാഗ്രതയോടെയിരിക്കാനും അല്‍ഫോന്‍സ് പുത്രന്‍ ആവശ്യപ്പെടുന്നുണ്ട്. നിങ്ങളെ വിഡ്ഢിയാക്കാന്‍ അനുവദിക്കരുതെന്നും ഇത്തരത്തിലുള്ള ഫോണ്‍ കോള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ കൈമാറരുതെന്നും പോസ്റ്റില്‍ പറയുന്നു. നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്. ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കണെമന്നും പോസ്റ്റില്‍ അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.