കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടസ്സപ്പെട്ടു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും കോടതിയും തമ്മിലുളള അഭിപ്രായ ഭിന്നതകള്‍ കാരണമാണ് കേസിന്റെ വിചാരണ അനിശ്ചിതത്ത്വത്തില്‍ ആയിരിക്കുന്നത്. നടിയും കേസിലെ പ്രതികളിലൊരാളായ ദിലീപിന്റെ ഭാര്യയും ആയ കാവ്യാ മാധവനും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും അടക്കമുളളവര്‍ ഇന്ന് വിസ്താരത്തിന് എത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ അല്ല നടക്കുന്നത് എന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനം എടുത്തിട്ടില്ല.

ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് കേസിന്റെ വിചാരണ തടസ്സപ്പെട്ടത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരല്ലാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു. നാളെ ആറ് സാക്ഷികളുടെ വിസ്താരമാണ് നടക്കുക. ഇവര്‍ക്ക് ഹാജരാകാനുളള നോട്ടീസ് കോടതി നല്‍കിയിട്ടുണ്ട്.
കാവ്യാ മാധവന്‍, നാദിര്‍ഷ എന്നിവരെ കൂടാതെ കാവ്യാ മാധവന്റെ സഹോദരന്‍, സഹോദരന്റെ ഭാര്യ, ദിലീപിന്റെ സഹോദരന്‍ ആയ അനൂപ് എന്നിവരാണ് കേസിന്റെ വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് എത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ഇതാദ്യമായാണ് കാവ്യാ മാധവന്‍ കോടതിയില്‍ വിസ്താരത്തിന് എത്തിയത്.
കേസിലെ സാക്ഷി വിസ്താരമാണ് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജിനെ ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മാറ്റണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. കോടതി തികഞ്ഞ പക്ഷപാതിത്വത്തോടെ ആണ് പെരുമാറുന്നത് എന്നും ഇരയ്‌ക്കോ പ്രോസിക്യൂഷനോ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
നീതിന്യായ സംവിധാനത്തിന് ആകെ കോട്ടം വരുന്ന നടപടികളാണ് എന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. കോടതി മുറിയില്‍ ഊമക്കത്ത് വായിച്ചതിനെ കുറിച്ചും ഹര്‍ജിയില്‍ പറയുന്നു. തുറന്ന കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്ന നേരത്ത് ഊമക്കത്ത് കോടതിയില്‍ വായിച്ചത് കോടതിക്ക് ചേര്‍ന്നതല്ല. പ്രതിഭാഗത്തെ അഭിഭാഷകരും സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും അടക്കമുളളവരുടെ സാന്നിധ്യത്തിലാണ് ഊമക്കത്ത് വായിച്ചത് എന്നും ഹര്‍ജിയില്‍ പറയുന്നു.
ഇരയാക്കപ്പെട്ട നടിയെ വളരെ അധികം സമ്മര്‍ദ്ദം നിറഞ്ഞ് നിന്ന അന്തരീക്ഷത്തിലാണ് വിചാരണയ്ക്ക് കോടതി വിധേയമാക്കിയത് എന്നും പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. ദിവസങ്ങളോളമെടുത്താണ് കോടതി ഇരയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. മാത്രമല്ല ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയും ഇര അത് സ്ഥിരീകരിക്കുകയും ചെയ്തുവെന്നും പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു അത്. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തില്‍ കോടതി വിധി പറഞ്ഞിട്ടില്ല.