കൊച്ചി: സിനിമാ താരം ദിലീപ് അടക്കമുള്ളവര്‍ പ്രതിയായ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യഷന്‍. ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ തന്നെ ഹരജി സമര്‍പ്പിച്ചു. ഹരജി ഉടന്‍ ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടേക്കും.

ഇപ്പോഴത്തെ ജഡ്ജിന് മുമ്പാകെ കേസ് തുടര്‍ന്നാല്‍ ഇരക്ക് നീതി കിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ തന്നെ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായവ്യവസ്ഥക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ ജഡ്ജ് നടത്തുന്നു.

ഇരയെ കോടതി പരിശോധിക്കുന്നത് ദിവസങ്ങളോളം നീണ്ടുനിന്നു. കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇര അത് സ്ഥിരീകരിക്കുകയും ചെയ്തു. ആത്യന്തം സമര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടത്. ഇരയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രോസിക്യൂഷന് ഉത്തരവാദിത്തമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.