ഗുഹാവത്തി: വീട്ടുമുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഒളിപ്പിച്ച നിധി കണ്ടെത്താനായി കുട്ടികളെ ബലിയര്‍പ്പിക്കാന്‍ ശ്രമം. സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍. ശിവസാഗറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ദിമോവ് മുഖ് ഗ്രാമത്തിലെ സഹോദരന്മാരായ ജാമിയൂര്‍ ഹുസൈന്‍, സരിഫുള്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. നിധി കണ്ടെത്താനായി കുട്ടികളെ ബലിയര്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ് . അസമിലെ ശിവസാഗര്‍ ജില്ലയില്‍ ഞായറാഴ്ച ആണ് നടുക്കുന്ന സംഭവം.

ജാമിയൂര്‍ ഹുസൈന്റേയും, സരിഫുള്‍ ഹുസൈന്റേയും ദെമോമുഖിലെ പുരയിടത്തില്‍ നിധിയുണ്ടെന്നും അത് കണ്ടെത്താനായി സ്വന്തം മക്കളെ ബലി നല്‍കണമെന്നും കുറച്ച് ദൂരെയുള്ള ഗ്രാമത്തില്‍ താമസിക്കുന്ന മന്ത്രവാദി ഇവരോട് പറഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ ബലി നല്‍കാനായിരുന്നു നീക്കമെന്നുമാണ് നാട്ടുകാരുടെ ആരോപണം.

സംശയം തോന്നിയ നാട്ടുകാര്‍ സഹോദരങ്ങളെയും ഭാര്യമാരെയും പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ഇളയകുട്ടിയെ ബലി നല്‍കണമെന്നായിരുന്നു ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഞായറാഴ്ച രാവിലെ കുട്ടിയെ ബലി നല്‍കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അയല്‍ക്കാര്‍ ഇത് മനസ്സിലാക്കുകയും ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ആറു കുട്ടികളെ ബലമായി വീടിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംശയം തോന്നിയതോടെ പ്രദേശ വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് നിധിയുടെയും മനുഷ്യബലിയുടെയും കഥകള്‍ പുറത്തറിയുന്നത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. കുട്ടികളെ ബലി നല്‍കണമെന്ന് ആവശ്യപ്പെട്ട മന്ത്രവാദിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.