തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നതാണ് ഇതില്‍ പ്രധാന മാറ്റം. തപാല്‍ വോട്ട് എത്തിക്കാന്‍ പ്രത്യേക ടീം എന്നതടക്കം മറ്റു നിര്‍ദ്ദേശങ്ങളുണ്ട്.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹന ജാഥകള്‍ക്ക് പരമാവധി അഞ്ച് വാഹനങ്ങളാകും അനുവദിക്കുക. അടുത്ത ജാഥ ഒരെണ്ണം പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷമേ അനുവദിക്കൂ. ഇത്തവണ ഓണ്‍ലൈന്‍ ആയി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈനായി നല്‍കുന്നവര്‍ അതു ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം.

സ്ഥാനാര്‍ഥി കെട്ടിവെക്കേണ്ട തുകയും ഓണ്‍ലൈനായി അടക്കാന്‍ സൗകര്യമൊരുക്കും. തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീം രൂപീകരിക്കും. തപാല്‍ വോട്ടിന് ആഗ്രഹിക്കുന്നവര്‍ 12ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ചു ദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം.