ജയ്പ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്ര പൂജാരിയെ അക്രമിസംഘം ജീവനോടെ തീകൊളുത്തി കൊന്നു. ജയ്പ്പൂരില്‍ നിന്നും 177 കിലോമീറ്റര്‍ അകലെയുള്ള കരൌലി ജില്ലയിലാണ് സംഭവം.

ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൂജാരി പൊലീസിനോട് മരണമൊഴി നല്‍കിയിട്ടുണ്ട്. 50 വയസുള്ള ബാബുലാല്‍ വൈഷ്ണവ് എന്ന പൂജാരിയെ 6 പേര്‍ ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

കരൗലിയിലെ ഒരു ഗ്രാമത്തിലുള്ള രാധാകൃഷ്ണ ക്ഷേത്രത്തില്‍ പൂജാരിയായ ബാബുലാല്‍ വൈഷ്ണവിന് ക്ഷേത്ര ട്രസ്റ്റിന്റെ പേരിലുള്ള 5.2 ഏക്കര്‍ സ്ഥലം വരുമാനമാര്‍ഗമായി നല്‍കിയിരുന്നു. മന്ദിര്‍ മാഫി എന്ന പേരില്‍ ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ ഭൂമി പൂജാരിമാര്‍ക്ക് നല്‍കുന്ന സമ്പ്രദായം രാജസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സ്ഥലത്ത് ബാബുലാല്‍ വീട് പണിയുന്നതിനായി ജെ.സി.ബി കൊണ്ട് മണ്ണിടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഈ സ്ഥലം പാരമ്പര്യ സ്വത്താണെന്നവകാശപ്പെട്ട് സ്ഥലത്തെ ഭൂരിപക്ഷ സമുദായമായ മീണ ജാതിയില്‍പ്പെട്ട ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഗ്രാമമുഖ്യന്മാര്‍ ബാബുലാലിനനുകൂലമായ നിലപാടെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ അദ്ദേഹം ബാജ്‌റയുടെ വൈക്കോല്‍ അവിടെ അടുക്കി വെച്ചു. എന്നാല്‍ അക്രമകാരികള്‍ അവിടെയെത്തുകയും വൈക്കോല്‍ കൂനകള്‍ക്ക് തീയിടുകയുമായിരുന്നു. കൂട്ടത്തില്‍ അവര്‍ തന്റെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തിയതായി ബാബുലാല്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ ബാബുലാലിനെ ജയ്പൂര്‍ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ഇന്നലെ മരണത്തിന് കീഴടങ്ങി. കൊലപാതകവുമായി ബന്ധപ്പെട്ട് കൈലാഷ് മീണ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.