തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ കൊവിഡ് മുക്തനായി. പൃഥ്വിരാജ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 20 ന് ആയിരുന്നു, തനിക്ക് കൊവിഡ് പോസിറ്റീവ് ആയ കാര്യം പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഏഴ് ദിവസം കൊണ്ട് താരം രോഗമുക്തനായതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോള്‍. ആന്റിജന്‍ ടെസ്റ്റില്‍ ഇന്ന് കൊവിഡ് നെഗറ്റീവ് ആയി എന്നാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ പരിശോധനാ റിപ്പോര്‍ട്ട് സഹിതമാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രോഗമുക്തനായെങ്കിലും ഒന്നൂകൂടി ഉറപ്പാക്കാന്‍ ഒരാഴ്ച കൂടി ഐസൊലേഷനില്‍ ഇരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. തന്നെ കുറിച്ച് കരുതല്‍ കാണിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൊച്ചിയില്‍ ‘ജന ഗണ മന’ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആണ് പൃഥ്വിരാജിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസിനും പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവച്ചിരുന്നു.

‘ജന ഗണ മന’ യുടെ ഷൂട്ടിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു പൃഥ്വിരാജിന് രോഗബാധ സ്ഥിരീകരിച്ചത്. അതിന് മുന്നേ തന്നെ വീട്ടില്‍ നിന്ന് മാറി ഒരു ഹോട്ടലില്‍ ആയിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ചിത്രീകരണത്തിന് മുമ്പ് എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അതില്‍ നെഗറ്റീവ് ആയിരുന്നു. അവസാന ദിനം കോടതിമുറിയിലെ ചിത്രീകരണത്തിന് ശേഷം നടത്തിയ ടെസ്റ്റിലാണ് പൃഥ്വിരാജും സംവിധായകനും പോസിറ്റീവ് ആയത്.
തനിക്ക് രോഗ ലക്ഷണങ്ങളോ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല എന്ന് തൊട്ടടുത്ത ദിവസം തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. എന്തായാലും ഏഴ് ദിവസം കൊണ്ട് താരം രോഗമുക്തി നേടിയിരിക്കുകയാണ് ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. കൊവിഡ് മൂലം ഏറെ ബുദ്ധിമുട്ടിയ താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദ്ദാനില്‍ നടക്കുമ്പോഴായിരുന്നു വ്യോമയാന മേഖലയില്‍ യാത്രാനിരോധനം വന്നത്. പിന്നീട് ഏറെനാള്‍ പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു.