ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരായ സര്‍ക്കാര്‍ ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവ് പരമോന്നത കോടതി ശരിവക്കുകയായിരുന്നു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്.

സി.ബി.ഐ അന്വേഷണത്തിനെതിരായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് കോടതി പറഞ്ഞു. കേസില്‍ ഫയലുകള്‍ നല്‍കുന്നതടക്കം അന്വേഷണത്തിന് യാതൊരു തടസ്സവും സര്‍ക്കാര്‍ ഉണ്ടാക്കരുത്. സര്‍ക്കാരിന്റെത് നിലനില്‍ക്കുന്ന ഹരജി അല്ല. ഇത്തരമൊരു ഹരജി വേണ്ടിയിരുന്നോ എന്ന് കോടതി ചോദിച്ചു.

കേസ് സി.ബി.ഐക്ക് കൈമാറിയതുകൊണ്ട് പോലീസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. എത്രയും പെട്ടെന്ന് സി ബി ഐയ്ക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടു. കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്നും പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ സി ബി ഐ കോടതിയെ അറിയിച്ചു.