തിരുവനന്തപുരം :പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥിയാക്കി നേട്ടമുണ്ടാക്കാനാണ് ഇത്തവണയും എൽ.ഡി.എഫ് ശ്രമം.

മലപ്പുറം ജില്ലയിൽ എൽ.ഡി.എഫ് പ്രതീക്ഷ വെക്കുന്ന പെരിന്തൽമണ്ണ മണ്ഡലത്തിൽ വ്യത്യസ്ത പരീക്ഷണത്തിനാണ് സി.പി.എം ആലോചന. മലപ്പുറം നഗരസഭ മുൻ ചെയർമാൻ ആയിരുന്ന കെ.പി മുഹമ്മദ് മുസ്തഫയെയും പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം പരിഗണിക്കുന്നുണ്ട്.

2016 ലെ തെരഞ്ഞെടുപ്പിൽ വെറും 579 വോട്ടുകൾക്ക് നഷ്ടമായ മണ്ഡലം തിരിച്ചു പിടിക്കാൻ മുൻ ലീഗ് നേതാവിനെ തന്നെ രംഗത്തിറക്കാനാണ് സി.പി.എം നീക്കം. മുസ്ലിം ലീഗിന്റെ ടിക്കറ്റിൽ മലപ്പുറം നഗരസഭ ചെയർമാൻ പദവിയിലെത്തിയ കെ.പി മുഹമ്മദ് മുസ്തഫയെ പെരിന്തൽമണ്ണ മണ്ഡലത്തിൽ പരീക്ഷിക്കാനാണ് സി.പി.എം ആലോചന.
ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിക്കെതിരെ മുൻ ലീഗ് നേതാവിനെ രംഗത്തിറക്കിയാൽ നേട്ടം കൊയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ. സമൂഹത്തിൽ സ്വാധീനമുള്ള ഇടത് നിലപാടുകളോട് ചേർന്ന് നിൽക്കുന്ന സ്വതന്ത്രരുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർമാൻ എം.മുഹമ്മദ് സലീമിനെ സ്ഥാനാർത്ഥിയായി പരിഗണച്ചുവെങ്കിലും സ്വതന്ത്ര സ്ഥാനാർഥിക്ക് കൂടുതൽ നേട്ടമുണ്ടാക്കാനുകുമെന്ന വിലയിരുത്തൽ കൂടി സി.പി.എമ്മിനുണ്ട്. മുൻ എം.എൽ.എയും കഴിഞ്ഞ രണ്ട് തവണ സ്ഥാനാർഥിയാവുകയും ചെയ്ത വി.ശശികുമാറും സാധ്യത പട്ടികയിൽ ഉണ്ട്. സിറ്റിംഗ് എം.എൽ.എ മഞ്ഞളാംകുഴി അലി മങ്കടയിലേക്ക് മാറുകയും പകരം പുതുമുഖങ്ങൾ ആരെങ്കിലും എതിർ സ്ഥാനാർഥിയായി വരികയും ചെയ്താൽ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണം വിജയം കാണും എന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
എറണാകുളം ജില്ലയിലും പൊതു സ്വതന്ത്രരെ കണ്ടെത്തുവാനുള്ള ത്രിവ ശ്രമത്തിലാണ് സി പി എം . വിവിധ സഭാവിഭാങ്ങളുമായി അടുത്ത് നിൽക്കുന്നവരെ ഒപ്പം ചേർത്ത് നിർത്തി “ഉറപ്പാണ് എൽ ഡി എഫ് ” എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ അരയും തലയും മുറുക്കി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത് സജീവമാകുന്നുവെന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത് .