കഴക്കൂട്ടം: പോക്സോ കേസിലെ പ്രതി പൊലീസിനു നേരെ നാടൻ ബോംബ് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ എത്തിയ കഴക്കൂട്ടം ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പൊലീസുകാർ പരുക്കു കൂടാതെ രക്ഷപ്പെട്ടു. മേനംകുളം പാൽക്കര ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് (ചുരുട്ട സന്തോഷ് -27) ആണ് രക്ഷപ്പെട്ടത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം കൊണ്ടു പോയി പീഡിപ്പിക്കുന്നുവെന്നു ഇയാളുടെ മുൻ ഭാര്യ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടിരുന്നു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ ഇയാളുമായി ബന്ധപ്പെട്ടെങ്കിലും പെൺകുട്ടിയെയും കൊന്ന് താനും മരിക്കുമെന്ന് ഭീഷണി ഉയർത്തി.തുടർന്ന് കഴക്കൂട്ടം പൊലീസിൽ വിവരം അറിയിച്ചു. ഇയാൾ താമസിക്കുന്ന വാടക വീട് മനസ്സിലാക്കിയ കഴക്കൂട്ടം ഇൻസ്പെക്ടർ യു. ബിജുവും രണ്ടു പൊലീസുകാരും മതിൽ ചാടി വീട്ടിലെത്തി. ഇത് കണ്ട സന്തോഷ് പൊലീസിനു നേരെ ഒരു നാടൻ ബോംബ് വലിച്ചെറിഞ്ഞു. ബോംബ് വൻ ശബ്ദത്തോടെ പൊട്ടി. അതിനിടയിൽ സന്തോഷ് വീടിന്റെ മതിൽ ചാടി ഓടി രക്ഷപ്പെട്ടു.

പൊലീസ് പിൻ തുടർന്നെങ്കിലും പിടികൂടാനായില്ല. തുമ്പ സ്റ്റേഷനിൽ അടക്കം നിരവധി അടിപിടി കേസുകളിലെ പ്രതിയായ ഇയാൾ അടുത്ത കാലത്ത് വിവിധ സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു. കഴക്കൂട്ടം ഇൻസ്പെക്ടർ യു. ബിജു, തുമ്പ ഇൻസ്പെക്ടർ പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിക്കായി തിരച്ചിൽ നടത്തുന്നു.