കോഴിക്കോട്: വേങ്ങേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ വിമുക്ത ഭടനെതിരെ പോക്‌സോ കേസ്. ദൃശ്യങ്ങള്‍ സഹിതം അയല്‍വാസി നല്‍കിയ പരാതിയിലാണ് കേസ്. സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായെടുത്ത് പൊലീസ് കേസെടുത്തു.

വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യം ഏറെക്കാലമായി വേങ്ങേരി സ്വദേശിയും വിമുക്ത ഭടനുമായ പ്രേംരാജും അയല്‍വാസിയായ സ്ത്രീയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ദേഷ്യത്തില്‍ പതിമൂന്ന് വയസ്സുകാരനായ മകന്‍ കാണ്‍കെ പ്രേംരാജ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് അയല്‍വാസി നടക്കാവ് പൊലീസില്‍ നല്‍കിയ പരാതി. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി.

എന്നാല്‍ വേങ്ങേരി വില്ലേജില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതെങ്കിലും ഇയാള്‍ ഈ വ്യവസ്ഥ ലംഘിച്ചതായും പരാതിക്കാരി പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രേംരാജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് റിപോര്‍ട് നല്‍കിയതായി നടക്കാവ് പൊലീസ് പറഞ്ഞു.
ഇതിന് പിന്നാലെ പ്രേംരാജും പരാതി നല്‍കി. ബോധപൂര്‍വം നഗ്‌നത പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും തന്റെ കിടപ്പുമുറിയടക്കം പതിയുന്ന രീതിയില്‍ അയല്‍വീട്ടുകാര്‍ സിസിടിവി വെച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കാട്ടി പ്രേംരാജ് വനിതാ കമ്മീഷനും ബാലവകാശ കമ്മീഷനും പരാതി നല്‍കി. പൊലീസ് നടപടി ചോദ്യം ചെയ്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.