ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുന്നത് ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചട്ടങ്ങളുണ്ടാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് ചൊവ്വാഴ്ച പാര്‍ലമെന്റ് രണ്ടാമതും സമയം നീട്ടിനല്‍കി. ഏപ്രില്‍ 9 വരെ ലോക്‌സഭ നീട്ടിനല്‍കിയപ്പോള്‍ രാജ്യസഭ ജൂലായ് ഒമ്പതുവരെയാണ് നീട്ടി നല്‍കിയത്.

പാര്‍ലമെന്റില്‍ ബില്‍ പാസായാല്‍ നിയമങ്ങള്‍ക്കായി ചട്ടങ്ങള്‍ വേഗത്തിലാക്കണം. ആറ് മാസത്തിനുള്ളില്‍ തന്നെ ഇത് നടപ്പിലാക്കണം. വൈകിയാല്‍ ബന്ധപ്പെട്ട മന്ത്രാലയം കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമയം നീട്ടിവാങ്ങണം. അതേസമയം, പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജികളും നിലനില്‍ക്കുന്നുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് പാര്‍ലമെന്റില്‍ ഇരുസഭകളും നിയമം പാസാക്കിയത്. എന്നാല്‍ നിയമം പാസാക്കിയതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് മറ്റ് വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വന്‍ പ്രക്ഷോഭങ്ങളാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമത്തിന് അംഗീകാരം നല്‍കുകയായിരുന്നു.