ബെംഗളൂരു: 10 വയസുകാരിയെ പീഡിപ്പിച്ച 62കാരനായ പൂജാരി അറസ്റ്റില്‍. ദേവനഹള്ളിയിലാണ് സംഭവം. പെണ്‍കുട്ടിയെ മധുരം നല്‍കി പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നവംബര്‍ 24ന് നടന്ന സംഭവത്തില്‍ ഇന്നാണ് പൂജാരി വെങ്കിട്ടരാമനപ്പ അറസ്റ്റിലായത്. ചൗദേശ്വരി ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന മകളുടെ വീട്ടിലെത്തിയതായിരുന്നു വെങ്കിട്ടരാമനപ്പ. മകളും ഭര്‍ത്താവും ഇവിടെയാണ് താമസിക്കുന്നത്. ചൗദേശ്വരി ക്ഷേത്രത്തിലെ പൂജാരിയാണ് മരുമകന്‍. ഇയാള്‍ക്ക് ഒരു യാത്ര പോകാനുള്ളതിനാല്‍ ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റും ചെയ്യാന്‍ ഭാര്യാപിതാവിനെ ഏല്‍പ്പിച്ചു. തുടര്‍ന്നാണ് വെങ്കിട്ടരാമനപ്പ ക്ഷേത്രത്തിലെ കര്‍മങ്ങള്‍ നോക്കിയിരുന്നത്.

നവംബര്‍ 24ന് വൈകീട്ട് ഇവരുടെ വീടിന് അടുത്ത് കുറെ കുട്ടികള്‍ കളിച്ചിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെ ഇയാള്‍ മധുരം നല്‍കി പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു. ക്ഷേത്രത്തിന് പുറത്ത് പൂ വില്‍ക്കുന്ന സ്ത്രീ നല്‍കിയ വിവരം അനുസരിച്ച് ഇവര്‍ പൂജാരിയുടെ വീട്ടിലേക്ക് പോയി. ഈ വേളയില്‍ പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്ക് വരുന്നതാണ് കണ്ടത്. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടി. അവര്‍ പോലീസിനെ വിവരം അറിയിച്ചു.

ആക്രി കട നടത്തുകയാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയെന്നും പെണ്‍കുട്ടി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയെന്നും ഡിസിപി സികെ ബാബ പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള് പോലീസ് ശേഖരിച്ചു. പൂക്കാരിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പോക്‌സോ, ബലാല്‍സംഗം വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസെടുത്തു. പ്രതി കുറ്റമേറ്റതായി പോലീസ് പറയുന്നു.
അതേസമയം, സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. കശ്മീരിലെ കത്വയില്‍ നടന്ന പീഡനവുമായിട്ടാണ് പലരും ഇതിനെ ഉപമിച്ചത്. കത്വയില്‍ ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. രാജ്യത്തുടനീളം പ്രതിഷേധത്തിന് തിരുകൊളുത്തിയ സംഭവമായിരുന്നു കത്വയിലേത്.