ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടിയ ആദ്യ ദിവസം തന്നെ എന്‍ഫോഴ്‌സ്‌മെന്റ് 13 മണിക്കൂറോളം ചോദ്യം ചെയ്തത്. ബിനീഷിനെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിക്ക് എന്‍ഫോഴ്‌സെമെന്റ് അനുവദിക്കികയും ചെയ്തില്ല.

ഈ സാഹചര്യത്തില്‍ ബിനോയ് കോടിയേരി രാത്രി കര്‍ണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക്കയുടെ വസതിയിലെത്തി. നേരിട്ട് ഹര്‍ജി നല്‍കാനായിരുന്നു ബിനോയുടെ ശ്രമം. എന്നാല്‍ ഹര്‍ജി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു.

ഇന്നലെ വൈകീട്ടോടെയാണ് രണ്ട് അഭിഭാഷകരും മൂന്ന് സുഹൃത്തുക്കള്‍ക്കും ഒപ്പം ബിനോയ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്. ഓഫീസില്‍ അര മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് ഉദ്യോഗസ്ഥരോട് സംസാരിക്കാനായത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പ് വയ്ക്കാനുണ്ടെന്ന് പറഞ്ഞെഹ്കിലും ചോദ്യം ചെയ്യുന്നതിനിടെ കാണാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍.
അതേസമയം, ബിനീഷിനെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അഭിഭാഷകര്‍ ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചേക്കും. ബിനീഷിന്റെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിക്കും. അഭിഭാഷകരെ കാണാന്‍ അനുവദിക്കാത്തത് ചട്ടലംഘനമാണെന്ന് കോടതിയെ അറിയിക്കും.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബെംഗളൂരു വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ ആയിരുന്നു ഒരു രാത്രി പാര്‍പ്പിച്ചത്. അവിടെ നിന്ന് ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു.
നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ നാര്‍ക്കോട്ടിക് വകുപ്പുകളും ബിനീഷിനെതിരെ ചുമത്തപ്പെട്ടേക്കും. നിലവിലെ സാഹചര്യത്തില്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ബിനീഷ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.