തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ.ഡി റെയ്ഡിനിടെ നാടകീയ രംഗങ്ങള്‍. വീട്ടില്‍ ബിനീഷിന്റെ ഭാര്യയും അമ്മയും കുഞ്ഞുമാണുള്ളത്. ഇവരെ കാണണമെന്നാവശ്യപ്പെട്ട് ബിനീഷിന്റെ അമ്മാവനും മറ്റ് ബന്ധുക്കളായ സ്ത്രീകളും വീടിനുമുന്നില്‍ കുത്തിയിരിക്കുകയാണ്. എന്നാല്‍ ഇവരെ അകത്തേയ്ക്ക് വിടാന്‍ എന്‍ഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറായിട്ടില്ല.

24 മണിക്കൂറിലധികമാണ് തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡിന് ശേഷം ഇഡിയുടെ രേഖകളില്‍ ഒപ്പിടില്ലെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ നിലപാട് എടുത്തതോടെയാണ് കാര്യങ്ങള്‍ നാടകീയ രംഗങ്ങളിലേക്ക് കടന്നത്. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു എന്ന് ഇഡി പറയുന്ന രേഖകളില്‍ ചിലത് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. മാത്രമല്ല മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുളള എടിഎം കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായാണ് ഇഡി അവകാശപ്പെടുന്നത്.

എന്നാല്‍ ഈ എടിഎം കാര്‍ഡ് ഇഡി കൊണ്ടുവന്നതാണ് എന്ന് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് രേഖകളില്‍ ഒപ്പിടാന്‍ കുടുംബം വിസമ്മതിച്ചത്. ഇതോടെ റെയ്ഡിന് ശേഷവും ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തന്നെ തുടരുകയാണ്. ബിനീഷിന്റെ കുടുംബവും ഇഡി ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമായതോടെ പ്രമുഖ അഭിഭാഷകനായ മുരുക്കുമ്പുഴ വിജയകുമാര്‍ ഇവിടേക്ക് എത്തി.
എന്നാല്‍ കുടുംബാംഗങ്ങളെ കാണാന്‍ അഭിഭാഷകനെ ഇഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ വീട്ടുകാരെ രേഖകളില്‍ ഒപ്പിടാന്‍ ഇഡി നിര്‍ബന്ധിക്കുകയാണ് എന്ന് അഭിഭാഷകന് ആരോപിച്ചു. നാളെ കോടതിയെ സമീപിക്കും എന്നും അഭിഭാഷകന് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷിന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉളളവരെ ഇഡി റെയ്ഡ് നടത്തിയിരുന്നു.