ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ ഗുരുതര ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ച് കോടിയിലധികം രൂപ അനൂപിന് കൈമാറിയെന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചെന്നും കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളില്‍ പൊരുത്തക്കേടുണ്ട്. ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബൈയില്‍ ബിനീഷ് പ്രതിയായ ബേങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം രാവിലെ 8.15ന് വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ ഇഡി സോണല്‍ ഓഫിസിലെത്തിച്ച ബിനീഷ് അവശനിലയിലായിരുന്നു. ക്ഷീണിതനാണോ, ഇഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്നു തലയാട്ടി.
കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി ഉച്ചയ്ക്ക് 1.20ന് കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധനയ്ക്ക് ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ബിനീഷിനെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാക്കാന്‍ ഇഡി ശ്രമം നടത്തി. എന്നാല്‍, നേരിട്ടു ഹാജരാക്കാനുള്ള കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്ന് 4.10ന് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലെത്തിച്ചു.
തുടര്‍ന്ന് ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ബിനീഷ് പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രസന്നകുമാര്‍ കോടതിയെ ധരിപ്പിച്ചു. നടുവേദനയും ഛര്‍ദിയും കാരണം ദേഹാസ്വാസ്ഥ്യമെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടര ദിവസം തീര്‍ത്തും നിസ്സഹകരിച്ചു. കേരളത്തില്‍ 10 കേസുകളും ദുബായിയില്‍ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളിയാണ്. ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബെനാമി കമ്പനികള്‍ തുടങ്ങിയിരുന്നു. അനൂപിന്റെയും ഒപ്പം അറസ്റ്റിലായ മലയാളി റിജേഷ് രവീന്ദ്രന്റെയും പേരിലാണിത്.
കൂടാതെ ലഹരി ഇടപാടു കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി 3.5 കോടിയിലധികം രൂപയുടെ ഹവാല പണമിടപാട് നടത്തിയതിന്റെ തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ അറിയിച്ചു. ഇതുള്‍പ്പെടെ 201219 കാലത്ത് ഇരുവരും തമ്മില്‍ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നു. ഈ തുകയിലേറെയും ലഹരി ഇടപാടിലൂടെ സ്വരൂപിച്ചതാണ്. എന്നാല്‍, ഇതെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബിനീഷ് തയാറാകുന്നില്ല അഭിഭാഷകന്‍ കോടതിയെ അറിയിച്ചു..
ബിനീഷുമായി ലഹരി ഉപയോഗം വഴിയാണ് സൗഹൃദത്തിലായതെന്ന് അനൂപ് മൊഴി നല്‍കിയെന്നും ഇഡി അറിയിച്ചു.ബിനീഷിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. 24 മണിക്കൂര്‍ തോറും ആരോഗ്യസ്ഥിതി വിലയിരുത്തണമെന്നു കോടതി നിര്‍ദേശിച്ചു.
ചോദ്യം ചെയ്യല്‍ തുടരുന്നതിനായി വീണ്ടും 5 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു കോടതി നടപടി പൂര്‍ത്തിയായത് 5.45ന്. 6 മണിയോടെ വീണ്ടും പൊലീസ് സ്‌റ്റേഷനിലേക്ക്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.