കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചു എന്നതിന്റെ പേരില്‍ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്ന് ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അതേ സമയം പ്രതികളെ അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തോടും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെഷന്‍സ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയ പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നിയമം കയ്യിലെടുക്കുന്നവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കാന്‍ തയാറാകണം എന്നു പറഞ്ഞ കോടതി നിയമ വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തതെന്നും ആരാഞ്ഞു.
ആക്രമിക്കുന്നതിനായി മുന്‍കൂര്‍ ഗൂഢാലോചന നടത്തിയാണ് പ്രതികള്‍ തന്റെ താമസസ്ഥലത്ത് എത്തിയതെന്നായിരുന്നു ആക്രമണത്തിന് ഇരയായ വിജയ് പി നായരുടെ വാദം. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ ഇവ മോഷ്ടിച്ചതായും ഇദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. അതേസമയം മോഷണക്കുറ്റം നിലനില്‍ക്കില്ലെന്നും ആക്രമിക്കുക എന്ന ലക്ഷ്യമിട്ടല്ല സ്ഥലത്ത് പോയത് എന്നുമായിരുന്നു പ്രതികളുടെ വാദം.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയെത്തിയ പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും കര്‍ശന നിലപാടെടുത്തില്ല. ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.