തിരുവനന്തപുരം: യൂട്യൂബില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ എന്നയാളെ ശാരീരികമായി കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് ഉറപ്പായിരിക്കുകയാണ്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് പ്രതികള്‍. മൂവരേയും തേടി പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചേക്കാനും സാധ്യതയുണ്ട്.

തിരുവനന്തപുരം ജില്ലാ കോടതിയാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ഇതോടെയാണ് കാര്യങ്ങള്‍ മൂവരുടേയും അറസ്റ്റിലേക്ക് നീങ്ങും എന്നുറപ്പായത്. മുന്‍കൂര്‍ ജാമ്യം കോടതി അനുവദിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് ഒഴിവാക്കാന്‍ മാര്‍ഗമില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. പോലീസ് തമ്പാനൂര്‍ പോലീസ് മൂന്ന് പേരുടെയും വീടുകളില്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവില്‍ പോയിരിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു. മൂവരുടേയും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും ഇവര്‍ക്ക് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് എന്നും പോലീസ് പറയുന്നു.

മൂവരുടേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അടക്കം വീടുകളിലാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം മൂവരുടേയും ജാമ്യാപേക്ഷ തളളിക്കൊണ്ട് കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നിയമത്തെ കായിക ബലം കൊണ്ട് നേരിടാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒട്ടും സംസ്‌ക്കാരം ഇല്ലാത്ത പ്രവര്‍ത്തിയാണ് ഇവര്‍ മൂന്ന് പേരും ചെയ്തത് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിക്കൊണ്ട് കോടതി വിമര്‍ശിച്ചു.
സമാധാനവും നിയമവും കാത്ത് സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും കോടതിക്ക് പിന്‍മാറാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തമ്പാനൂര്‍ പോലീസ് ആണ് വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കടക്കല്‍, കയ്യേറ്റം ചെയ്യല്‍, മോഷണം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.