തിരുവനന്തപുരം: വിവാദ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും മറ്റു രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. യുട്യൂബര്‍ വെള്ളായണി സ്വദേശി വിജയ് പി നായരെ താമസസ്ഥലത്തെത്തി കൈയ്യേറ്റം ചെയ്ത കേസിലാണ് പോലീസ് നീക്കം. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ നിയമം കൈയ്യിലെടുത്തു എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് കോടതി തള്ളിയത്. രൂക്ഷ വിമര്‍ശനമാണ് പ്രതികള്‍ക്കെതിരെ കോടതി ഉന്നയിച്ചത്. സംസ്‌കാരമുള്ള പ്രവൃത്തിയല്ല പ്രതികള്‍ ചെയ്തതെന്നും നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെഷന്‍സ് കോടതി വ്യക്തമക്കിയിരുന്നു. ഭാഗ്യലക്ഷ്മിക്കും ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ഒരാളെ പരസ്യമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെടുമെന്നും നിയമം കൈയ്യിലെടുക്കാന്‍ പ്രേരണയാകുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു.

ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ല. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യേണ്ടി വരുമെന്നും പോലീസ് പ്രതികരിച്ചു. കോടതി തീരുമാനം വന്നതിന് പിന്നാലെ പ്രതികളുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും മൂന്നുപേരും വീട്ടിലുണ്ടായിരുന്നില്ല. ഭാഗ്യലക്ഷ്മി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. അതേസമയം, പ്രതികളുടെ അറസ്റ്റ് മാന്യമായ രീതിയില്‍ വേണമെന്ന് പോലീസിന് നിര്‍ദേശം ലഭിച്ചു എന്നാണ് വിവരം. ക്രമിനലുകളോട് പെരുമാറുന്നത് പോലെ ഭാഗ്യലക്ഷ്മിയോടും കൂട്ടരോടും പോലീസ് പെരുമാറില്ല. സ്ത്രീകള്‍ എന്ന പരിഗണന ലഭിക്കും. അതേസമയം, അറസ്റ്റ് ഉടനുണ്ടാകുമെന്നും തമ്പാനൂര്‍ പോലീസ് സൂചിപ്പിച്ചു.
സ്ത്രീകള്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ വീഡിയോ വിജയ് പി നായര്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇയാളെ ഗാന്ധാരിയമ്മന്‍ കോവിലിന് അടുത്തുള്ള താമസസ്ഥലത്ത് എത്തി ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും കൈയ്യേറ്റം ചെയ്തു എന്നാണ് കേസ്. കഴിഞ്ഞമാസം 26നാണ് ഈ സംഭവം നടന്നത്. വിജയ് പി നായരുടെ ദേഹത്ത് മഷി ഒഴിച്ചു. മുഖത്തടിച്ചു. വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചു. ഇയാളെ മര്‍ദ്ദിക്കുകയും തെറി വിളിക്കുകയുമുണ്ടായി. ചൊറിയണം പ്രയോഗിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. ഇതെല്ലാം ലൈവ് വീഡിയോ ആയി പ്രതികള്‍ തന്നെ പരസ്യമാക്കിയിരുന്നു. നവമാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലും ഇവരെ അനുകൂലിച്ചും എതിര്‍ത്തും ദിവസങ്ങളോളം ചര്‍ച്ചകള്‍ നടന്നു.