തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകള്‍ക്ക് എതിരെ അധിക്ഷേപ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ കൈകാര്യം ചെയ്തത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെ വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിജയ് പി നായര്‍ ഇവര്‍ക്കെതിരെ പുതിയ ആരോപണങ്ങളും ഉന്നയിച്ചിരിക്കുകയാണ്.

വിജയ് പി നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് മൂവരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 30 വരെ ഇവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി 30ന് വിധി പറയും.

ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും വിജയ് പി നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
അടുത്തിടെ സോഷ്യല്‍ മീഡിയ ആക്രമണങ്ങല്‍ ചെറുക്കാന്‍ സര്‍ക്കാര്‍ ഐടി നിയമത്തില്‍ ഭേദഗതി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രതികളെ സഹായിക്കാനാണ് എന്നാണ് വിജയ് പി നായര്‍ ആരോപിക്കുന്നത്. തന്റെ ഫോണും ലാപ്‌ടോപ്പും അടക്കമുളള വസ്തുക്കള്‍ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ ബലം പ്രയോഗിച്ച് എടുത്ത് കൊണ്ട് പോയതാണ് എന്നും ഇയാള്‍ ആരോപിക്കുന്നു.
താന്‍ താമസിക്കുന്ന സ്ഥലത്ത് ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ അതിക്രമിച്ച് കയറി തന്നെ ആക്രമിക്കുകയായിരുന്നു വെന്നും താന്‍ അവര്‍ക്ക് തന്റെ ലാപ്പ് ടോപ്പ് സ്വമേധയാ നല്‍കുകയായിരുന്നു എന്നുളള വാദം തെറ്റാണെന്നും വിജയ് പി നായര്‍ പറയുന്നു. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മനപ്പൂര്‍വ്വം നിയമം കയ്യിലെടുക്കുകയായിരുന്നുവെന്നും ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികളുടെ പ്രവൃത്തി തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അടിക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ ഫലം നേരിടാനും തയ്യാറാകണം. നിയമം കയ്യിലെടുക്കാന്‍ ആരാണ് അധികാരം തന്നത് എന്നും ഹൈക്കോടതി ചോദിച്ചു.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനും സ്ത്രീകളെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലും അറസ്റ്റിലായ വിജയ് പി നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 25000 രൂപയുടെ ആള്‍ ജാമ്യം കോടതി നിര്‍ദേശിച്ചു. മാത്രമല്ല എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുത് എന്നും വിജയ് പി നായര്‍ക്ക് കോടതി താക്കീത് നല്‍കി.
പേര് പറയാതെ പ്രമുഖരായ സ്ത്രീകളുടെ പേരില്‍ അശ്ലീല കഥകളും മറ്റുമായിരുന്നു വിജയ് പി നായര്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും വിജയ് പി നായരെ തേടിപ്പിടിച്ച് ചെന്ന് കയ്യേറ്റം ചെയ്തത്. ഇയാളെ മര്‍ദ്ദിക്കുകയും കരിമഷി ദേഹത്ത് ഒഴിക്കുകയുമുണ്ടായി. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വന്‍ വിവാദത്തിന് തുടക്കമായത്.