THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മനസു തുറന്ന് ശ്രീരാമകൃഷ്ണന്‍; കസ്റ്റഡിയിലുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കിയാണ് തനിക്കെതിരെയുള്ള മൊഴികള്‍

മനസു തുറന്ന് ശ്രീരാമകൃഷ്ണന്‍; കസ്റ്റഡിയിലുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കിയാണ് തനിക്കെതിരെയുള്ള മൊഴികള്‍

തിരുവനന്തപുരം: കസ്റ്റഡിയിലുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് പിന്നാലെയാണ് തനിക്കെതിരെയുള്ള മൊഴി വന്നതെന്ന് മനസിലാക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. മാസങ്ങളായി കസ്റ്റഡിയിലുള്ള പ്രതികള്‍ സ്വരക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചു മൂടാനാകില്ല. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ, ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏര്‍പ്പാടാകരുത്. വിവിധ ഏജന്‍സികള്‍ മാസങ്ങളോളം ചോദ്യം ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞ ശേഷം അതിലൊന്നും പരാമര്‍ശിക്കാത്ത ഒരു കാര്യം ഇപ്പോള്‍ പുറത്തു വരുന്നത് എങ്ങിനെയെന്നാണ് അന്വേഷണ വിധേയമാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നുണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നാല്‍ ആത് സത്യമാണെന്ന മിഥ്യാബോധം സൃഷ്ടിക്കുമെന്നത്  ഗീബല്‍സിന്റെ സിദ്ധാന്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായമെന്നപോലെ കേന്ദ്ര ഏജന്‍സികള്‍ തങ്ങളാല്‍ കഴിയുന്ന കൊഴുപ്പുകൂട്ടലിനും നേതൃത്വം കൊടുക്കുകയാണ്. ലോകകേരളസഭ, കേരളം ജനാധിപത്യ ലോകത്തിനു നല്‍കിയ ഏറ്റവും ഉദാത്തമായ ഒരു മാതൃകയാണ്. ലോകകേരളസഭയുടെ പേരില്‍ പണ സമാഹരണവും സമ്പത്തുണ്ടാക്കലുമാണ് നടന്നത് എന്ന്  പറയുന്നത് അതില്‍ പങ്കാളികളായ പ്രവാസികളോടുള്ള അവഹേിളക്കലാണ്. 
തന്റെ  ഒരു വിദേശയാത്രയും രഹസ്യമായിരിന്നുന്നില്ല. അതിന്റെ എല്ലാം വിശദാംശങ്ങള്‍ പരിശോധനക്ക് ലഭ്യമാകും വിധം സുതാര്യവുമാണ്. ആവശ്യമുള്ളവര്‍ക്ക് നേരില്‍വന്ന് പരിശോധിക്കുവാനും അവസരം  ഒരുക്കുക്കുകയും ചെയ്യും . വിവരാവകാശ നിയമ പ്രകാരം ചോദിച്ചവര്‍ക്കെല്ലാം ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കയിട്ടുണ്ട്. ചോദ്യങ്ങളിലെ വ്യത്യാസം ഉത്തരങ്ങളിലും ഉണ്ടായേക്കാം എന്നത് ഒഴിച്ചാല്‍ ഇതിലൊന്നും ഒരു ആശയക്കുഴപ്പവും ഇല്ല. യൂറോപ്പില്‍, വിയന്നയിലോ ലണ്ടനിലോ ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചാല്‍ അവിടെപ്പോയി അരമണിക്കൂര്‍ പ്രസംഗിച്ച് അടുത്ത വിമാനത്തില്‍ തിരിച്ചുവരാന്‍ മാത്രം വരണ്ടുണങ്ങിയ മനോഭാവമല്ലുള്ളത്. കിട്ടിയ അവസരം ഉപയോഗിച്ച് കഴിയാവുന്നത്ര യാത്രകള്‍ ചെയ്യാനും, സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും, ചരിത്രവും സംസ്‌കാരവും പഠിക്കാനും, പുതിയ മാറ്റങ്ങള്‍ നിരീക്ഷിക്കുവാനും ശ്രമിച്ചിട്ടുണ്ടാകാം. ഇതൊന്നും ഒരു കുറ്റകൃത്യമായി കരുതിയിട്ടില്ല. ഇതൊക്കെ നിഗൂഢമായ നീക്കങ്ങളാണെന്ന് വ്യാഖ്യാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അല്ലാതെ പിന്നെന്താണ് യാത്രകള്‍.?
    യാത്രകള്‍ സംബന്ധിച്ചുള്ള എല്ലാ വ്യാഖ്യാനങ്ങളും തികഞ്ഞ നുണക്കഥകളും, സത്യവുമായി പുലബന്ധം പോലും   ഇല്ലാത്തവയുമാണ് എന്ന് ഒരിക്കല്‍ക്കൂടി അറിയിക്കുന്നു. ആവശ്യമുള്ളവരെ പരിശോധിച്ച് ബോധ്യപ്പെടാന്‍ ക്ഷണിക്കുന്നു. അതു പോലെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ മൊഴികളെന്ന പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും അവിശ്വസനീയമായ നിലയിലാണ്. ഒരു വിധത്തിലുള്ള ഡോളര്‍ കൈമാറ്റ – പണം കൈമാറ്റവും ഉണ്ടായിട്ടില്ല. ഈ കെട്ടു കഥകള്‍ വരുന്നത് ആരുടെ താല്‍പര്യപ്രകാരമാണെന്നത് അന്വേഷണ വിധേയ മാക്കണം. മുഖ്യമന്ത്രിയും സ്പീക്കറും ഒരുമിച്ചിരുന്ന് ഡോളര്‍ കൈമാറ്റത്തെക്കുറിച്ച് കോണ്‍സുല്‍ ജനറലുമായി സംസാരിച്ചുവെന്നും, അവിടെ ദ്വിഭാഷിയായി താന്‍ ഉണ്ടായിരുന്നുവെന്നും വരെ അസംബന്ധം മൊഴിയായി പുറത്തുവിട്ട സാഹചര്യത്തില്‍ എത്ര നികൃഷ്ടമായാണ് കാര്യങ്ങളെ  കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാണ്..
ഒമാനില്‍ മിഡില്‍ ഈസ്റ്റ് കോളേജ് നടത്തുന്ന പൊന്നാനിയിലെ ലഫീര്‍ അഹമ്മദിനെ അറിയാം അതുപോലെ എത്രയോ പേരെ അറിയാം, അവരെയെല്ലാം കാണാറും സംസാരിക്കാറുമുണ്ട്. അതിനര്‍ത്ഥം അവരുമായെല്ലാം കൂട്ടുകച്ചവടം ഉണ്ട് എന്നല്ല. ഇനിയും പ്രവാസി സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടി വരും. അതിന്റെ പേരില്‍ പേടിപ്പിക്കാന്‍ വരരുത്. ഇല്ലാത്ത കെട്ടുകഥയുടെ ഉമ്മാക്കി കൊണ്ടൊന്നും പേടിപ്പിക്കാന്‍ വരണ്ട. കാരണം നിയമ വിരുദ്ധമായ  ഒന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്. ഒരുതരത്തിലുമുള്ള ഇടപാടുകളിലും പങ്കാളിയല്ലാത്തതിനാല്‍ ഒരു ആശങ്കയുമില്ല. ഒരിടത്തും സ്വദേശത്തോ വിദേശത്തോ ഒരു നിക്ഷേപവും ഇല്ല. ഏത് ഇന്റര്‍പോളിനും അന്വേഷിക്കാവുന്നതാണ്. ഒരു കോളേജിലും നിക്ഷേപിക്കാനോ ബ്രാഞ്ച് ആരംഭിക്കാനോ ആരേയും സഹായിച്ചിട്ടില്ല. ഷാര്‍ജാ ഷെയ്ഖിനെ കേരളത്തിലോ പുറത്തോ വച്ച് ഒറ്റയ്ക്ക് കണ്ടിട്ടുമില്ല. തിരുവനന്തപുരത്ത് ഔദ്യോഗിക അത്താഴ വിരുന്നില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു എന്നതൊഴിച്ചാല്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments